ഏക സിവിൽ കോഡ്: എതിർപ്പറിയിച്ച് മുസ്‌ലിം വ്യക്തി നിയമ ബോർഡ്
|പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലില്‍ നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണ് ഏക സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമായത്
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിൽ എതിർപ്പറിയിച്ച് മുസ്‌ലിം വ്യക്തി നിയമ ബോർഡ്. നിയമ കമ്മീഷന് സമർപ്പിച്ച മറുപടിയിലാണ് എതിർപ്പ് അറിയിച്ചത്. ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കുമെന്നും വൈവിധ്യം ഭരണഘടന അംഗീകരിക്കുന്നതാണെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ മറുപടിയിൽ പറഞ്ഞു.
ഏകീകൃത സിവിൽകോഡ് അപ്രായോഗികമെന്ന് മുൻ നിയമ കമ്മീഷൻ നിലപാട് അറിയിച്ച സാഹചര്യത്തിൽ പുതിയ കമ്മീഷനെ നിയോഗിച്ചതും അഭിപ്രായങ്ങൾ തേടിയതും ബി.ജെ.പിയുടെ ധ്രുവീകരണത്തിനുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ. എൻ.ഡി.എ ഘടകകക്ഷികൾ തന്നെ ഏകീകൃത സിവിൽകോഡിനെതിരെ രംഗത്തുവന്നത് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി. എൻ.ഡി.എ ഘടകകക്ഷികളായ എൻ.ഡി.പി.പിയും എൻ.പി.പിയും ബില്ലിനെതിരെ രംഗത്തുവന്നതിന് പിന്നാലെ മറ്റുകക്ഷികൾ കൂടി പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലില്‍ നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണ് ഏക സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമായത്- "ഒരു വീട്ടിൽ രണ്ടു നിയമമുണ്ടെങ്കിൽ വീട് നടന്നുപോകുമോ? അപ്പോൾ പിന്നെ രണ്ട് നിയമവുമായി എങ്ങനെ രാജ്യം മുമ്പോട്ടു പോകും? ഭരണഘടന തുല്യാവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രിം കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്"- എന്നായിരുന്നു മോദിയുടെ പ്രസ്താവന.
Muslim Personal Law Board objecting to Uniform Civil Code