India
Muslim student assaulted by Hindutva Men with rod for speaking to Hindu friend
India

ഹിന്ദു പെൺകുട്ടിയോട് സംസാരിച്ചതിന് മുസ്‌ലിം വിദ്യാർഥിക്ക് ഹിന്ദുത്വവാദികളുടെ ക്രൂര മർദനം; ആക്രമണം ചൂടാക്കിയ ഇരുമ്പുവടി കൊണ്ട്

Web Desk
|
3 May 2023 4:24 PM GMT

തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്നും വെറുതെവിടണമെന്നുമുള്ള യുവാവിന്റെ ആവർത്തിച്ചുള്ള അപേക്ഷ ഹിന്ദുത്വ പ്രവർത്തകർ ചെവിക്കൊണ്ടില്ല.

ബെം​ഗളൂരു: ഹിന്ദു പെൺകുട്ടിയുമായി സംസാരിക്കുകയും ജ്യൂസ് കുടിക്കുകയും ചെയ്തതിന് മുസ്‌ലിം വിദ്യാർഥിയെ ചൂടാക്കിയ ഇരുമ്പുവടി കൊണ്ട് ക്രൂരമായി മർദിച്ച് ഹിന്ദുത്വവാദികൾ. ദക്ഷിണ കന്നഡയിലെ പുത്തൂർ ജില്ലയിലാണ് സംഭവം.

18കാരനായ മുഹമ്മദ് പാരിഷിനാണ് മർദനമേറ്റത്. ഒന്നാം വർഷ പി.യു.സി വിദ്യാർഥിയായ പാരിഷ്, തന്റെ സുഹൃത്തായ പെൺകുട്ടിക്കൊപ്പം ജ്യൂസ് കുടിക്കുന്നത് കണ്ടതിനെ തുടർന്ന് ഹിന്ദുത്വ പ്രവർത്തകർ ചൂടാക്കിയ ഇരുമ്പ് വടികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്ന് പുത്തൂർ ടൗൺ പൊലീസ് പറയുന്നു.

തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്നും വെറുതെവിടണമെന്നുമുള്ള പാരിഷിന്റെ ആവർത്തിച്ചുള്ള അപേക്ഷ ഹിന്ദുത്വ പ്രവർത്തകർ ചെവിക്കൊണ്ടില്ല. വീണ്ടും മർദനം തുടരുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി ഇപ്പോൾ ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് യുവാവ് മാധ്യമങ്ങളോട് വിശദീകരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിൽ പാരിഷിന്റെ ദേഹമാസകലം അടിയേറ്റ പാടുകൾ കാണാം. അതേസമയം, ഓട്ടോറിക്ഷാ ഡ്രൈവറായ ദിനേശ് ഗൗഡ, വിദ്യാർഥികളായ പ്രജ്വൽ, നിശാന്ത് കുമാർ, പ്രദീപ് എന്നിവരാണ് മർദിച്ചതെന്ന് പുത്തൂർ ടൗൺ പൊലീസ് പറഞ്ഞു.

നേരത്തെ, മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലും സമാന സംഭവം ഉണ്ടായിരുന്നു. ഹിന്ദു പെൺകുട്ടിയുമായി സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ തട്ടിക്കൊണ്ടുപോയാണ് ഹിന്ദുത്വവാദികൾ‌ മർദിച്ചത്. ഷഹബാസ് എന്ന യുവാവിനാണ് സംഘത്തിന്റെ ക്രൂര മർദനമേറ്റത്.

ജനുവരി മൂന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ 17നാണ് പുറത്തുവരുന്നത്. സംഭവത്തിൽ ഷഹബാസിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്വന്തം ​ഗ്രാമത്തിലെ പെൺകുട്ടിയുമായി പുസ്തകങ്ങളെ കുറിച്ചാണ് യുവാവ് സംസാരിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

സംഘം ഷഹബാസിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു സംഘം ചോദ്യം ചെയ്യുന്നതും കൈയും വലിയ കമ്പുകളും ഉപയോ​ഗിച്ച് മർദിക്കുന്നതും ഷഹബാസ് നിലവിളിക്കുന്നതും സഹായത്തിനായി കേഴുന്നതുമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.





Similar Posts