India
Muslim Student Suspended For Bringing Non-Veg Food In Uttar Pradesh School
India

'ക്ഷേത്രങ്ങൾ തകർക്കുന്നവരെ പഠിപ്പിക്കാനാവില്ല'; സ്‌കൂളിൽ മാംസാഹാരം കൊണ്ടുവന്നുവെന്ന് ആരോപിച്ച് വിദ്യാർഥിക്ക് സസ്‌പെൻഷൻ

Web Desk
|
5 Sep 2024 1:07 PM GMT

ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹിൽട്ടൺ പബ്ലിക് സ്‌കൂളിലാണ് സംഭവം. ഏഴു വയസുകാരനായ കുട്ടി ക്ലാസിലെ മറ്റു വിദ്യാർഥികളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നും പ്രിൻസിപ്പൽ ആരോപിച്ചു.

ലഖ്‌നോ: സ്‌കൂളിൽ മാംസാഹാരം കൊണ്ടുവന്നുവെന്ന് ആരോപിച്ച് വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹിൽട്ടൺ പബ്ലിക് സ്‌കൂളിലാണ് സംഭവം. ഏഴ് വയസുകാരനായ വിദ്യാർഥിയെയാണ് സസ്‌പെൻഡ് ചെയ്തത്.

കുട്ടിയുടെ മാതാവും സ്‌കൂൾ പ്രിൻസിപ്പലും തമ്മിൽ സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കുട്ടി മാംസാഹാരം കൊണ്ടുവന്നിട്ടില്ലെന്നാണ് മാതാവ് പറയുന്നത്. എന്നാൽ രൂക്ഷമായ മുസ്‌ലിം വിരുദ്ധ വിദ്വേഷ പരാമർശങ്ങളാണ് പ്രിൻസിപ്പൽ നടത്തുന്നത്. മാംസാഹാരം കൊണ്ടുവരികയും ഹിന്ദു ക്ഷേത്രങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ പടിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. വർഗീയ പരാമർശങ്ങളെ ചോദ്യം ചെയ്യാനും കുട്ടിയുടെ മാതാവ് ശ്രമിക്കുന്നുണ്ട്.

''ഞങ്ങളുടെ ക്ഷേത്രങ്ങൾ തകർക്കുന്ന, സ്‌കൂളിൽ മാംസാഹാരം കൊണ്ടുവരുന്ന, ഹിന്ദുക്കളെ ദ്രോഹിക്കുന്ന, ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാനും രാമക്ഷേത്രം തകർക്കാനും പറയുന്ന ഇത്തരം വിദ്യാർഥികളെ പഠിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല''-പ്രിൻസിപ്പൽ കുട്ടിയുടെ മാതാവിനോട് പറഞ്ഞു.

കുട്ടിയോട് മാംസാഹാരം കൊണ്ടുവരരുതെന്ന് നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. വീണ്ടും ആവർത്തിച്ചതുകൊണ്ടാണ് പുറത്താക്കിയത്. കുട്ടി ക്ലാസിലെ മറ്റു കുട്ടികളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചതായും പ്രിൻസിപ്പൽ ആരോപിച്ചു. കുട്ടിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

അതേസമയം കുട്ടിയെ ദിവസം മുഴുവൻ സ്‌കൂളിൽ ഇരിക്കാൻ അനുവദിച്ചില്ലെന്നും സംഭവത്തെക്കുറിച്ച് രക്ഷിതാക്കളെ അറിയിക്കാൻ സ്‌കൂൾ അധികൃതർ തയ്യാറായില്ലെന്നും മാതാവ് പറഞ്ഞു.

വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി അംറോഹ ജില്ലാ സ്‌കൂൾ ഇൻസ്‌പെക്ടർ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Similar Posts