India
വിദ്വേഷ കാലത്തെ മൈത്രി; രാമനവമി പതാക തുന്നുന്ന മുസ്‌ലിംകൾ
India

വിദ്വേഷ കാലത്തെ മൈത്രി; രാമനവമി പതാക തുന്നുന്ന മുസ്‌ലിംകൾ

Web Desk
|
7 April 2022 9:22 AM GMT

ഹിജാബ്, ഹലാൽ ഭക്ഷണം തുടങ്ങിയ വിവാദങ്ങളൊന്നും ഇവരെ ബാധിച്ചിട്ടില്ല

പട്ന: 'രാമനവമി ആഘോഷത്തിനായി ഉപയോഗിക്കുന്ന കൊടിയാണിത്. പരമാവധി നന്നായി ഇവ ഉണ്ടാക്കുന്നു. വാങ്ങുന്നവർ മതത്തിന്റെ പേരിൽ വിവേചനം കാണിക്കാറില്ല. ഒരു കുടുംബമെന്ന പോലെയാണ് ഞങ്ങള്‍ ഇവിടെ കഴിയുന്നത്. ഹിന്ദു-മുസ്‌ലിം വിഭജനം ഇവിടെയില്ല. തലമുറകളായി ഞങ്ങൾക്ക് പരസ്പരമറിയാം' - ബിഹാർ തലസ്ഥാനമായ പട്‌നയ്ക്ക് നൂറു കിലോമീറ്റർ അകലെ, ഗയ നഗരത്തിലെ ഗോഡൗൺ മാർക്കറ്റിലിരുന്ന് മുഹമ്മദ് റാഷിദ് ഇതു പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ തിളക്കം.

മഹാനവമിയുമായി ബന്ധപ്പെട്ട് സംഘ്പരിവാർ രാജ്യത്തുടനീളം നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾക്കിടെയാണ് ഗയ ഹബിലെ മുഹമ്മദ് റാഷിദും കൂടെയുള്ള നൂറു കണക്കിന് മുസ്‌ലിം തൊഴിലാളികളും വാർത്തകളിൽ ഇടംപിടിക്കുന്നത്. രാമനവമി ആഘോഷത്തിന് വേണ്ടിയുള്ള കൊടി നിർമാണമാണ് ഇവരുടെ കുലത്തൊഴിൽ. ഈ വർഷം ഏപ്രിൽ പത്തിനാണ് രാമനവമി. ദ ടെലഗ്രാഫ് പത്രമാണ് ഇവരുടെ കഥ റിപ്പോര്‍ട്ട് ചെയ്തത്.

ഹിജാബ്, ഹലാൽ ഭക്ഷണം തുടങ്ങിയ വിവാദങ്ങളൊന്നും തങ്ങളെ ബാധിച്ചിട്ടില്ലെന്ന് മുഹമ്മദ് റാഷിദ് പത്രത്തോട് പ്രതികരിച്ചു. റമസാൻ വ്രതമെടുത്താണ് ഇവർ ഹൈന്ദവ ആഘോഷത്തിനു വേണ്ടിയുള്ള ജോലികളിൽ വ്യാപൃതരായിരിക്കുന്നത്. വീടുകൾക്ക് വേണ്ട ചെറിയ കൊടി മുതൽ ക്ഷേത്രത്തിന്റെ മുകളിൽ വരെ വയ്ക്കാനുള്ള കൂറ്റൻ കൊടി വരെ ഇവർ നെയ്യുന്നുണ്ട്.

'എന്റെ പിതാവും പിതാമഹനും ഇവിടെ രാമനവമി കൊടികൾ തുന്നിയിരുന്നു. കൊടികൾക്ക് പുറമേ, ഞങ്ങളുടെ സമുദായത്തിലെ ദർഗകൾക്കു വേണ്ട ഛദറുകളും ഞങ്ങൾ നെയ്യുന്നുണ്ട്. ഞങ്ങൾ മുസ്‌ലിംകളാണ്. എന്നാൽ ഒരു വിവേചനവുമില്ലാതെ എല്ലാ സമുദായങ്ങൾക്കും വേണ്ടിയാണ് ഞങ്ങളുടെ തൊഴിൽ'- തയ്യൽക്കാരനായ മുഹമ്മദ് ഇദ്‌രീസ് പറയുന്നു.

ഇരുപതു വർഷമായി ഗയ ഹബിൽ നിന്ന് കൊടികൾ വാങ്ങുന്നുണ്ടെന്ന് വ്യാപാരിയായ ദിനേഷ് അഗർവാൾ പ്രതികരിച്ചു. 'ഓർഡർ ചെയ്യുമ്പോൾ തന്നെ വലിപ്പവും ഡിസൈനും അറിയിക്കും. പിന്നെ ഒന്നിനെ കുറിച്ചും ഉത്കണ്ഠ വേണ്ട. ഈ തൊഴിലാളികള്‍ ഇതിൽ വിദഗ്ധരാണ്. ജഹനാബാദിലെ എന്റെ കടയിലേക്ക് ഇരുപതു വർഷമായി ഞാൻ ഇവിടെ നിന്ന് കൊടികൾ വാങ്ങുന്നു' - അദ്ദേഹം കൂട്ടിച്ചേർത്തു.

Related Tags :
Similar Posts