വാഹനമിടിച്ചതിനെ ചൊല്ലി തർക്കം; രാജസ്ഥാനിൽ മുസ്ലിം യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു
|കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ പിടികൂടിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ജയ്പ്പൂർ പൊലീസ് കമ്മീഷണർ ബിജു ജോർജ് പറഞ്ഞു.
ജയ്പ്പൂർ: വാഹനമിടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനു പിന്നാലെ മുസ്ലിം യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു. രാജസ്ഥാൻ തലസ്ഥാനമായ ജയ്പ്പൂരിലെ ഗംഗാപോൽ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാംഗഞ്ച് സ്വദേശിയായ 20കാരൻ ഇഖ്ബാൽ മസീസ് ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തെ തുടർന്ന് രാംഗഞ്ച്-ബാഡി ചൗപർ റോഡിൽ രണ്ട് സമുദായങ്ങളിൽ നിന്നുള്ള ആളുകൾ തടിച്ചുകൂടുകയും നഗരത്തിൽ വർഗീയ സംഘർഷത്തിന് കാരണമാവുകയും ചെയ്തതായി പൊലീസ് പറഞ്ഞു. യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ പിടികൂടിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ജയ്പ്പൂർ പൊലീസ് കമ്മീഷണർ ബിജു ജോർജ് പറഞ്ഞു.
സംഭവദിവസം രാത്രി ഇഖ്ബാൽ ജയ്സിങ്പുര ഖോറിൽ നിന്ന് ഇരുചക്രവാഹനത്തിൽ മടങ്ങുമ്പോൾ ഗംഗാപോളിനടുത്ത് വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇത് ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമായി.
ഈ സമയം അവിടെയുണ്ടായിരുന്ന മോഹൻലാൽ എന്നയാളും മറ്റ് നാട്ടുകാരും ഇരു വാഹനയുടമകളേയും സമാധാനിപ്പിക്കാൻ ഇടപെട്ടു. എന്നാൽ ഇഖ്ബാൽ മോഹൻലാലുമായി വഴക്കുണ്ടാക്കിയെന്നാണ് ആരോപണം”- മനക് ചൗക്ക് സർക്കിൾ ഓഫീസർ ഹേമന്ത് ജാഖർ പറഞ്ഞു. തുടർന്ന് നാട്ടുകാർ സമീപത്തുള്ള മറ്റുള്ളവരെയും വിളിച്ച് വടിയും കമ്പികളും ഉപയോഗിച്ച് മസീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് ജാഖർ പറഞ്ഞു.
വിവരമറിഞ്ഞ് സുഭാഷ് ചൗക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടന്നിരുന്ന മസീസിനെ സവായ് മാൻ സിങ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചെന്ന് സർക്കിൾ ഓഫീസർ പറഞ്ഞു.
മരിച്ച യുവാവിന്റെ കുടുംബം നൽകിയ പരാതിയിൽ അജ്ഞാതരായ 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സുഭാഷ് ചൗക്ക് പൊലീസ് സ്റ്റേഷൻ ഇൻചാർജ് അശോക് സിങ് പറഞ്ഞു. ഇവർക്കെതിരെ ഐപിസി 143 (നിയമവിരുദ്ധമായ കൂടിച്ചേരൽ), 148 (കലാപമുണ്ടാക്കുക), 302 (കൊലപാതകം), 341 (കുറ്റകരമായ തടഞ്ഞുവയ്ക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായും ചോദ്യം ചെയ്യലിനായി ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ മുസ്ലിം യുവാവിന്റെ മരണത്തെ തുടർന്ന് വൻ ജനക്കൂട്ടം ആശുപത്രിയിലെത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ധർണ ആരംഭിച്ചു. ശനിയാഴ്ച രാവിലെ, രാംഗഞ്ച്- മനക് ചൗക്ക് റോഡിന് സമീപമുള്ള തിരക്കേറിയ മാർക്കറ്റ് ഏരിയയിൽ മറു വിഭാഗത്തിൽ നിന്നുള്ള നിരവധി പേരും ഒത്തുകൂടുകയും നിരവധി കടകൾ തകർക്കുകയും ചെയ്തു. തുടർന്ന് മാർക്കറ്റും പ്രാദേശിക സ്കൂളുകളും ഉടൻ അടച്ചതായി പൊലീസ് പറഞ്ഞു.
സംഘർഷം രൂക്ഷമായതോടെ രാജസ്ഥാൻ ആംഡ് കോൺസ്റ്റാബുലറി (ആർഎസി), എമർജൻസി റെസ്പോൺസ് ടീം (ഇആർടി), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ആർടി) എന്നിവയുൾപ്പെടെയുള്ള കനത്ത പൊലീസ് സേനയെ രാംഗഞ്ച്, സുഭാഷ് ചൗക്ക്, മനക് ചൗക്ക് എന്നിവിടങ്ങളിൽ വിന്യസിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജയ്പൂർ അഡീഷണൽ പൊലീസ് കമ്മീഷണർമാരായ കുൻവർ രാഷ്ട്രദീപ്, രാഹുൽ പ്രകാശ്, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ റാഷി ദോഗ്ര ദുഡി എന്നിവരും സ്ഥലത്തെത്തി. “മുതിർന്ന ഉദ്യോഗസ്ഥരും കമ്മീഷണറും ഉൾപ്പെടെയുള്ള പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചും പൊലീസ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കും”- രാജസ്ഥാൻ ഡയറക്ടർ ജനറൽ ഉമേഷ് മിശ്ര പറഞ്ഞു.
അതിനിടെ, കിഷൻപോൾ, ആദർശ് നഗർ മണ്ഡലങ്ങളിലെ എം.എൽ.എമാരായ അമീൻ കാഗ്സി, റഫീഖ് ഖാൻ എന്നിവർ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി തലസ്ഥാന നഗരത്തിലെ സംഘർഷാവസ്ഥ ചർച്ച ചെയ്തു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗങ്ങളിൽ ഒരാൾക്ക് ഡയറി ബൂത്തിൽ ജോലിയും മുഖ്യമന്ത്രി ഗെഹ്ലോട്ട് പ്രഖ്യാപിച്ചതായി ഖാൻ പറഞ്ഞു.
പ്രദേശത്ത് സമാധാനം നിലനിർത്താൻ മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു. അനാവശ്യമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. ഇരയ്ക്ക് നീതി ഉറപ്പാക്കാൻ പ്രതികൾക്കെതിരെ നടപടിയും സ്വീകരിക്കും”- ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.