മുസ്‌ലിംകൾക്ക് സീറ്റ് നൽകുന്നതിന് മുമ്പ് ഇനി രണ്ടുവട്ടം ആലോചിക്കും: മായാവതി
|മുസ്‌ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകിയിട്ടും തന്റെ പാർട്ടിയുടെ ആശയങ്ങൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും മായാവതി പറഞ്ഞു.
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വട്ടപൂജ്യമായതിന് പിന്നാലെ മുസ്‌ലിംകൾക്കെതിരെ വിമർശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. മുസ്‌ലിംകൾക്ക് സീറ്റ് നൽകുന്നതിന് മുമ്പ് ഇനി രണ്ടുവട്ടം ആലോചിക്കുമെന്ന് അവർ പറഞ്ഞു. മുസ്‌ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകിയിട്ടും തന്റെ പാർട്ടിയുടെ ആശയങ്ങൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും മായാവതി പറഞ്ഞു.
''മുസ്‌ലിം സമുദായം ബഹുജൻ സമാജ് പാർട്ടി കുടുംബത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. പക്ഷേ് അർഹമായ പ്രാതിനിധ്യം നൽകിയിട്ടും പാർട്ടിയുടെ ആശയങ്ങൾ ശരിയായി മനസിലാക്കാൻ അവർക്ക് കഴിയുന്നില്ല. അതുകൊണ്ട് ഇപ്പോൾ ഉണ്ടായതുപോലുള്ള വലിയ നഷ്ടമുണ്ടാവാതിരിക്കാൻ ഭാവിയിൽ മുസ്‌ലിംകൾക്ക് സീറ്റ് നൽകുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കും''-മായാവതി പറഞ്ഞു.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 35 മുസ് ലിം സ്ഥാനാർഥികളെയാണ് ബി.എസ്.പി കളത്തിലിറക്കിയത്. ഇതിൽ 34 പേർക്കും കെട്ടിവച്ച കാശുപോലും കിട്ടിയില്ല. 9.39 ശതമാനമാണ് പാർട്ടിയുടെ വോട്ട് വിഹിതം. 1991ന് ശേഷം പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണയുണ്ടായത്.
പാർലമെന്റിൽ ബി.എസ്.പിക്ക് ഒരു സീറ്റ് പോലും ഇല്ലാതാവുന്നത് ഇത് രണ്ടാം തവണയാണ്. 2014വും ബി.എസ്.പി ഒരു സീറ്റിൽ പോലും വിജയിച്ചിരുന്നില്ല. യു.പി രാഷ്ട്രീയത്തിൽ നിർണായക ശക്തിയായിരുന്ന ബി.എസ്.പി 2007ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 403ൽ 206 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാന നിയമസഭയിൽ ബി.എസ്.പിക്ക് ഒരംഗം മാത്രമാണുള്ളത്. 60 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന പാർട്ടിക്ക് 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ച വോട്ട് 12.88 ശതമാനം മാത്രമാണ്.