India
Muslims in badrinath told to offer namaz in joshimath
India

'ക്ഷേത്രപരിസരത്ത് നിന്ന് മാറി പെരുന്നാൾ ആഘോഷിക്കണം': ബദരീനാഥിൽ മുസ്‌ലിംകൾക്ക്‌ നിർദേശം

Web Desk
|
28 Jun 2023 1:28 PM GMT

പെരുന്നാൾ നമസ്‌കാരം ഉൾപ്പടെ 40 കിലോമീറ്റർ അകലെ ജോഷിമഠിൽ നടത്താനാണ് നിർദേശിച്ചിരിക്കുന്നത്

ഗോപേശ്വർ: ബദരീനാഥിൽ ക്ഷേത്രപരിസരത്ത് നിന്ന് മാറി ബലിപെരുന്നാൾ ആഘോഷിക്കാൻ മുസ്‌ലിംകൾക്ക്‌ നിർദേശം. പെരുന്നാൾ നമസ്‌കാരം ഉൾപ്പടെ ബദരീനാഥ് ക്ഷേത്രത്തിന് 40 കിലോമീറ്റർ അകലെ ജോഷിമഠിൽ നടത്താനാണ് പൊലീസ് നിർദേശിച്ചിരിക്കുന്നത്. പൊലീസിന്റെ നേതൃത്വത്തിൽ മുസ്‌ലിം വിശ്വാസിപ്രതിനിധികൾ, ബദരീനാഥ് ക്ഷേത്രഭാരവാഹികൾ, പുരോഹിതന്മാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തിയ ചർച്ചയിലാണ് തീരുമാനം.

ബദരീനാഥ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളാണ് ബദരീനാഥിലെ മുസ്‌ലിങ്ങളിൽ ഭൂരിഭാഗവും. ഇവരുമായി നടത്തിയ ചർച്ചയിലാണ് പെരുന്നാൾ ആഘോഷം ജോഷിമഠിൽ നടത്തുന്നതിന് തീരുമാനമായത്. ക്ഷേത്രപരിസരത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുന്നതിന് മുഴുവൻ സഹകരണവും പ്രദേശവാസികൾ ഉറപ്പ് നൽകിയതായി ബദരിഷ് പാണ്ഡ പഞ്ചായത്ത് പ്രസിഡന്റ് പ്രവീൺ ധ്യാനി പിടിഐയോട് പറഞ്ഞു.

രണ്ടു വർഷം മുമ്പ് പ്രദേശത്ത് മുസ്‌ലിം മതവിശ്വാസികൾ പെരുന്നാൾ നമസ്‌കാരം നടത്തിയെന്നാരോപിച്ച് സംഘർഷം ഉടലെടുത്തിരുന്നു. ഇത് കണക്കിലെടുത്താണ് മുസ്‌ലിങ്ങളോട് പെരുന്നാൾ ആഘോഷം ജോഷിമഠിൽ നടത്താൻ ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ച് വിശ്വാസികൾ ക്ഷേത്രപരിസരത്ത് നിന്ന് മാറി പെരുന്നാളാഘോഷിക്കാൻ സമ്മതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts