യു.പിയിലെ ഈ ജയിലിൽ റമദാൻ നോമ്പെടുത്ത് ഹിന്ദുക്കൾ; നവരാത്രി വ്രതമെടുത്ത് മുസ്‌ലിംകളും
|'ഇരു മതങ്ങളിൽ നിന്നുമുള്ള അന്തേവാസികൾ ഹിന്ദു- മുസ്‌ലിം ഐക്യത്തിന്റെ സന്ദേശം സൃഷ്ടിക്കുന്ന ഒരു നല്ല ആശയമാണിത്'- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ലഖ്നൗ: യുപിയിൽ, ഒരു ഭാഗത്ത് ഹിന്ദുത്വവാദികൾ റമദാനിൽ തറാവീഹ് നിസ്കാരം തടസപ്പെടുത്തുന്ന വാർത്തകൾ പുറത്തുവരവെ, അതേ സംസ്ഥാനത്തു തന്നെയുള്ള ഒരു ജയിലിൽ കാണാനാവുക മതസൗഹാർദത്തിന്റെ സൗന്ദര്യം. നവരാത്രി സമയത്ത് മുസ്‌ലിംകളും റമദാനിൽ ഹിന്ദു തടവുകാരും വ്രതമെടുക്കുന്നു. ആഗ്ര സെൻട്രൽ ജയിലിലാണ് ഈ രീതി. മാർച്ച് 22നാണ് നവരാത്രി ആഘോഷദിനങ്ങൾ ആരംഭിക്കുന്നത്. 23ന് റമദാനും ആരംഭിച്ചു.
"മുസ്‌ലിം അന്തേവാസികളിൽ ചിലർ നവരാത്രി വ്രതം ആചരിക്കുകയും പരിസരത്തുള്ള ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന ഭജനയിൽ പങ്കെടുക്കുകയും ചെയ്യുന്നു. അതേസമയം, റമദാൻ ആവുമ്പോൾ ഹിന്ദു തടവുകാരിൽ ചിലർ മുസ്‌ലിം അന്തേവാസികൾക്കൊപ്പം നോമ്പെടുക്കുകയും ചെയ്യുന്നു"- സെൻട്രൽ ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഇൻചാർജ് രാധാകൃഷ്ണ മിശ്ര പറഞ്ഞു.
"ഇരു മതങ്ങളിൽ നിന്നുമുള്ള അന്തേവാസികൾ ഹിന്ദു- മുസ്‌ലിം ഐക്യത്തിന്റെ സന്ദേശം സൃഷ്ടിക്കുന്ന ഒരു നല്ല ആശയമാണിത്"- അദ്ദേഹം പറഞ്ഞു. "നവരാത്രിയുടെ ആദ്യ ദിവസം ഞാൻ വ്രതം അനുഷ്ഠിച്ചു. അവസാന ദിവസവും അനുഷ്ഠിക്കും. ജയിലിൽ ഞങ്ങൾ എല്ലാവരും ഐക്യത്തോടെയും എല്ലാവരുടെയും മതവികാരം മാനിച്ചുകൊണ്ടുമാണ് ജീവിക്കുന്നത്- നൗഷാദ് എന്ന തടവുകാരൻ വ്യക്തമാക്കി.
"ഞങ്ങൾ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന ഭജനകളിൽ പങ്കെടുക്കുകയും ഹിന്ദു അന്തേവാസികൾക്കൊപ്പം പാടുകയും ചെയ്യുന്നു"- നൗഷാദ് കൂട്ടിച്ചേർത്തു. 905 തടവുകാരാണ് ഈ ജയിലിൽ ഉള്ളത്. ഇവരിൽ 17 മുസ്‌ലിംകൾ നവരാത്രിയിലും 37 ഹിന്ദുക്കൾ റമദാനിലും നോമ്പെടുക്കുന്നതായി ജയിലർ അലോക് സിങ് പറഞ്ഞു.
നവരാത്രി വ്രതമനുഷ്ഠിക്കുന്ന തടവുകാർക്ക് പഴങ്ങളും പാലും നൽകാനുള്ള ക്രമീകരണങ്ങൾ ജയിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. റമദാൻ വ്രതം ആചരിക്കുന്ന അന്തേവാസികൾക്ക് നോമ്പ് തുറക്കാൻ ഈത്തപ്പഴവും ക്രമീകരിച്ചിട്ടുണ്ട്.
മതപരമായ ഉത്സവങ്ങളും ആചാരങ്ങളും കൈമാറാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ജയിൽ എന്ന് ജയിൽ തടവുകാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയായ ടിങ്ക ടിങ്കയുടെ സ്ഥാപക വർത്തിക നന്ദ പറഞ്ഞു,
"വിവിധ മതങ്ങളിൽ നിന്നുള്ള അന്തേവാസികൾ പരസ്പരം ആചാരങ്ങളിൽ പങ്കെടുക്കുമ്പോൾ, അത് ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഉത്തമ ഉദാഹരണമാണ്"- അവർ പറഞ്ഞു.
നേരത്തെ, യു.പിയിലെ മുസഫർനഗർ ജില്ലാ ജയിലിലും മുസ്‌ലിം തടവുകാര്‍ നവരാത്രി വ്രതം ആചരിക്കുന്ന വാർത്ത പുറത്തുവന്നിരുന്നു. 200ഓളം മുസ്‌ലിം തടവുകാരാണ് ഒമ്പത് ദിവസത്തെ നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. ആകെ 3000 തടവുകാരാണ് ഈ ജയിലില്‍ ഉള്ളത്. ഇതില്‍ 1100 ഹിന്ദുമത വിശ്വാസികളും 218 ഇസ്‌ലാം മത വിശ്വാസികളുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്.
വിശുദ്ധ റമദാന്‍ മാസത്തിൽ പ്രഭാതം മുതൽ പ്രദോഷം വരെ നോമ്പെടുക്കുന്ന മുസ്‌ലിം തടവുകാര്‍ ഹിന്ദുക്കളായ തടവുകാരുടെ വികാരങ്ങള്‍ക്കൊപ്പം മനസുകൊണ്ട് ചേര്‍ന്നാണ് നവരാത്രി വ്രതം എടുക്കുന്നതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. സംസ്കാരത്തിലും മതങ്ങളുടെ ഐക്യത്തിലും ആഴത്തിൽ വേരൂന്നിയ വിശ്വാസമാണ് വ്രതമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഒരു തടവുകാരന്‍ പ്രതികരിച്ചു.