India
Muslims have been systematically invisibilized in India: Rajdeep Sardesai’s speech goes viral
India

'ഇന്ത്യയിലെ മുസ്‌ലിംകളെ ആസൂത്രിതമായി അദൃശ്യരാക്കുന്നു'; യാഥാർഥ്യം തുറന്നുകാട്ടി രാജ്ദീപ് സർദേശായിയുടെ പ്രസംഗം

Web Desk
|
21 March 2024 8:46 AM GMT

വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്കിനെ സർദേശായി ചോദ്യം ചെയ്യുമ്പോൾ സുധീർ ചൗധരിയെ സ്‌ക്രീനിൽ കൊണ്ടുവന്ന് ക്യാമറാമാൻ തന്റെ ജോലി കൃത്യമായി നിർവഹിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ ചിലർ

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രാതിനിധ്യവും ഉൾക്കൊള്ളലും തുറന്നുകാട്ടി മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ പ്രസംഗം. ന്യൂഡൽഹിയിൽ നടന്ന 21-ാമത് എഡിഷൻ ഇന്ത്യാ ടുഡേ കോൺക്ലേവ് 2024-ലാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രാതിനിധ്യവും ഉൾക്കൊള്ളലും സംബന്ധിച്ച നിർണായക പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. രാജ്യത്തെ പാർലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ അഭാവവും വൈവിധ്യമാർന്ന ഇന്ത്യയുടെ ജനസംഖ്യയിൽ ഈ പ്രവണത സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും സർദേശായി തുറന്നുകാട്ടി.

പാർലമെന്റിൽ ഗണ്യമായ ഭൂരിപക്ഷം നേടാൻ 'അബ് കി ബാർ 400 പാർ, 350 പാർ' മുദ്രാവാക്യം ഉയർത്തുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഒരൊറ്റ മുസ്‌ലിം പാർലമെന്റ് അംഗം (എംപി) ഇല്ലെന്ന് സർദേശായി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അതോടൊപ്പം ഭരിക്കുന്ന പാർട്ടി 350 അല്ലെങ്കിൽ 400 എംപിമാരെ നേടിയാൽ ഇന്ത്യൻ ജനസംഖ്യയുടെ ഏകദേശം 13% വരുന്ന മുസ്‌ലിം സമുദായത്തിൽ നിന്നുള്ള പ്രാതിനിധ്യം പാടേ ഇല്ലാതാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുസ്ലിംകളെ പാർശ്വവത്ക്കരിക്കുന്നതും മുസ്ലിം സമുദായത്തെ വ്യവസ്ഥാപിതമായി അദൃശ്യവത്ക്കരിക്കപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയൽപക്കങ്ങളിൽ മുസ്‌ലിം അയൽവാസികളുടെ എണ്ണം കുറയുന്നത് സ്വന്തം അയൽപക്കത്ത് നിന്നുള്ള ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സമൂഹത്തിൽ കടന്നുകൂടിയ മുൻവിധികളും വാർപ്പു മാതൃകകളുമാണ് ഈ രീതിക്ക് കാരണമെന്നും സർദേശായി പറഞ്ഞു.

'അബ് കി ബാർ 400 പാർ, 350 പാർ' എന്നതിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. പാർലമെന്റിൽ ഈ സർക്കാരിന് ഒരു മുസ്‌ലിം എംപി പോലുമില്ല. ഈ 350 അല്ലെങ്കിൽ 400 പേരിൽ ഒരു മുസ്‌ലിം എം.പി പോലും ഉണ്ടാകാൻ പോകുന്നില്ല. നിങ്ങളുടെ ജനസംഖ്യയുടെ 13% അദൃശ്യമാക്കപ്പെടുകയാണ്. ഈ മുറിയിൽ ഞാനത് പറയുന്നില്ല. എനിക്കറിയാം, സമ്പന്നവും ഉയർന്നതുമായ എന്റെ സ്വന്തം കോളനിയിൽ ഇന്ന് എത്ര മുസ്‌ലിംകൾ താമസിക്കുന്നു? മുസ്ലിംകളെ ആസൂത്രിതമായി അദൃശ്യമാക്കപ്പെടുന്നുണ്ട്' ദേശായി പറഞ്ഞു.

ഇതാണ് യാഥാർഥ്യമെന്നും വിഷയത്തിൽ ഒരാളെ താൻ കുറ്റപ്പെടുത്തുന്നില്ലെന്നും എന്നാൽ വാർപ്പുമാതൃകകൾ നിലനിർത്തുന്നതിലും പാർശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ രാഷ്ട്രീയത്തെ സഹായിക്കുന്നതിലും മാധ്യമ പ്രവർത്തകർ വഹിക്കുന്ന പങ്കിനെ കുറിച്ച് അവർ ചിന്തിക്കണമെന്നും ദേശായി ആവശ്യപ്പെട്ടു.

'400 എംപിമാരുള്ള പാർട്ടിക്ക് ഒരു മുസ്‌ലിം എംപി പോലുമില്ലെങ്കിൽ, സമുദായങ്ങൾക്കിടയിൽ ആത്മാർത്ഥമായ സഹകരണം വളർത്തിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ മൂന്നാമത്തെ വലിയ മുസ്‌ലിം ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് ഭാവിയിൽ ഇതിലും അപകടകരമായ മറ്റൊന്നില്ല. ആരെയും കുറ്റപ്പെടുത്തരുത്, പക്ഷേ മാധ്യമങ്ങൾ ഉള്ളിലേക്ക് നോക്കേണ്ടതുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.

സർദേശായിയുടെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സുപ്രധാനമായ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നതിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂടുതൽ ഉൾക്കൊള്ളലിനും പ്രാതിനിധ്യത്തിനും വേണ്ടി വാദിക്കുന്നതിലും രാജ്ദീപ് കാണിക്കുന്ന ധൈര്യത്തെ പലരും അഭിനന്ദിച്ചു. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്കിനെ സർദേശായി ചോദ്യം ചെയ്യുമ്പോൾ സുധീർ ചൗധരിയെ സ്‌ക്രീനിൽ കൊണ്ടുവന്ന് ക്യാമറാമാൻ തന്റെ ജോലി കൃത്യമായി നിർവഹിച്ചെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി.

Similar Posts