India
Muslims vacate mosques BJP MLA Eshwarappa threatens
India

'പള്ളികൾ നിർമിച്ചയിടങ്ങളിൽ നിന്ന് മുസ്‌ലിംകൾ സ്വമേധയാ വിട്ടുപോകുന്നതാണ് നല്ലത്; ഇല്ലെങ്കിൽ...'; ഭീഷണിയുമായി ബിജെപി എംഎൽഎ

Web Desk
|
8 Jan 2024 12:26 PM GMT

നേരത്തെ, കർണാടക തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിക്ക് മുസ്‌ലിം വോട്ടുകൾ ആവശ്യമില്ലെന്ന ഈശ്വരപ്പയുടെ പരാമർശവും വിവാദമായിരുന്നു.

ബെം​ഗളൂരു: മുസ്‌ലിംകൾ പള്ളികൾ ഒഴിയണമെന്നും ഇല്ലെങ്കിൽ ​ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമുള്ള ഭീഷണിയുമായി കർ‌ണാടക ബിജെപി എംഎൽഎ കെ.എസ് ഈശ്വരപ്പ. ക്ഷേത്ര മൈതാനത്ത് നിർമിച്ചതായി ബിജെപിയുൾപ്പെടെ ആരോപിക്കപ്പെടുന്ന പള്ളികൾ ഒഴിപ്പിക്കുമെന്നാണ് മുൻ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പയുടെ ഭീഷണി.

ബെലഗാവിയിൽ നടന്ന യോഗത്തിൽ ഹിന്ദുത്വ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ബിജെപി എംഎൽഎ. 'പള്ളികളുള്ള രണ്ട് സ്ഥലം കൂടി ഞങ്ങളുടെ പരി​ഗണനയിലുണ്ട്. അതിലൊന്ന് മഥുരയാണ്. ഇന്നായാലും നാളെയായാലും കോടതി വിധി പറയുമ്പോൾ അവിടങ്ങളിൽ ക്ഷേത്ര നിർമാണം തുടരും'- ഈശ്വരപ്പ പറഞ്ഞു.

'പള്ളികൾ നിർമിച്ച സ്ഥലങ്ങളിൽ നിന്ന് മുസ്‌ലിംകൾ സ്വമേധയാ വിട്ടുപോകുന്നതാണ് നല്ലത്. ഇല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരും. ​എന്തൊക്കെ നാശനഷ്ടങ്ങൾ ഉണ്ടാവുമെന്ന് പറയാനാവില്ല'- എംഎൽഎ ഭീഷണിപ്പെടുത്തി.

നേരത്തെയും മുസ്‌ലിം വിഭാ​ഗത്തിനെതിരെ ഭീഷണിയുമായി രം​ഗത്തെത്തിയിട്ടുള്ള ബിജെപി എംഎൽഎയാണ് ഈശ്വരപ്പ. ക്ഷേത്രഭൂമിയിൽ നിർമിച്ചതായി ആരോപിക്കപ്പെടുന്ന എല്ലാ മുസ്‌ലിം പള്ളികളും പൊളിച്ചുമാറ്റുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

'നമ്മുടെ ക്ഷേത്രങ്ങൾ തകർത്ത ശേഷം നിർമിച്ച മസ്ജിദുകളെ വെറുതെവിടില്ല. അത്തരത്തിലുള്ള ഒരു പള്ളിയും ഈ രാജ്യത്ത് നിലനിൽക്കില്ല'- എന്നായിരുന്നു നേരത്തെ ഈശ്വരപ്പ പറഞ്ഞത്. കർണാടക തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിക്ക് മുസ്‌ലിം വോട്ടുകൾ ആവശ്യമില്ലെന്ന ഈശ്വരപ്പയുടെ പരാമർശവും വിവാദമായിരുന്നു.

Similar Posts