'2024ല്‍ മോദിയെ പ്രധാനമന്ത്രിയായി കാണണമെങ്കില്‍ യോഗിയെ ജയിപ്പിക്കൂ'; അമിത് ഷാ
|"ബിജെപിക്കാർ പുറത്തു വന്ന് താമര പതാകയും അതിന്‍റെ മുദ്രാവാക്യങ്ങളുമായി നടക്കുമ്പോൾ, പ്രതിപക്ഷ പാർട്ടികൾക്ക് ഭീഷണി അനുഭവപ്പെടാൻ തുടങ്ങുന്നു''
2024ല്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണണമെങ്കില്‍ യോഗിയെ 2022ല്‍ യു.പി മുഖ്യമന്ത്രിയാക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. 2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം അരക്കിട്ടുറപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനും ഒരുക്കങ്ങള്‍ വിലയിരുത്താനും യുപിയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ബിജെപി അംഗത്വവിതരണ പരിപാടിക്ക് തുടക്കമിട്ടു.
'മോദി പ്രധാനമന്ത്രിയായപ്പോള്‍ ഉത്തര്‍പ്രദേശിന് ആവശ്യമായതെല്ലാം നല്‍കി. 2024ലെ ലോക്സഭാ വിജയം പ്രധാനമന്ത്രി മോദിയുടെ നേതൃപാടവത്തില്‍ നിന്നായിരുന്നു. അത് തന്നെ 2022ലും ആവര്‍ത്തിക്കും';അമിത് ഷാ പറഞ്ഞു.
"ബിജെപിക്കാർ പുറത്തു വന്ന് താമര പതാകയും അതിന്‍റെ മുദ്രാവാക്യങ്ങളുമായി നടക്കുമ്പോൾ, പ്രതിപക്ഷ പാർട്ടികൾക്ക് ഭീഷണി അനുഭവപ്പെടാൻ തുടങ്ങുന്നു, വരാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ 300-ലധികം സീറ്റുകൾ നേടുക എന്നതാണ് ലക്ഷ്യം", ഷാ പറഞ്ഞു. ശ്രീരാമ ഭക്തരെ സമാജ്‍വാദി പാര്‍ട്ടി സര്‍ക്കാര്‍ വെടിയുണ്ടകൊണ്ട് നേരിട്ടു. ബിജെപി സര്‍ക്കാര്‍ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കി. യുപിയില്‍ ഗുണ്ടാവാഴ്ച്ചയ്ക്ക് അന്ത്യമായെന്നും അമിത് ഷാ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017ല്‍ ബി.ജെ.പി കൂറ്റന്‍ മാര്‍ജിനിലാണ് സംസ്ഥാനഭരണം പിടിച്ചെടുത്തത്.