India
Muziris
India

മുസിരിസ് ഏഴാം പതിപ്പ്; ഏപ്രിൽ 23നും 24നും ജാമിഅ മില്ലിയ ഇസ്‌ലാമിയയിൽ

Web Desk
|
20 April 2024 3:23 PM GMT

മുസിരിസിന്റെ അവസാന ദിനം, ഒപ്പന, തെയ്യം,കോൽക്കളി, തിരുവാതിര, മാർഗംകളി തുടങ്ങിയ കേരളക്കരയുടെ തനതായ കലാരൂപങ്ങളാൽ സമൃദ്ധമായിരിക്കും.

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലെ മലയാളി കൂട്ടായ്മയായ “സ്‌മൃതി”, വർഷങ്ങളായി നടത്തി വരുന്ന “മുസിരിസിന്റെ” ഏഴാം പതിപ്പ് ഈ വരുന്ന ഏപ്രിൽ 23,24 തിയ്യതികളിലായി സർവ്വകലാശാല ക്യാമ്പസ്സിൽ വെച്ച് നടക്കും.

ഡൽഹിയിലെ ഏറ്റവും വലിയ കേരള ക്യാമ്പസ്‌ ഫെസ്റ്റിവലായ മുസിരിസ് ഒരു ദശാബ്ദക്കാലമായി കേരളക്കരയുടെ സാംസ്കാരിക ചാതുര്യവും സാഹോദര്യ മനോഭാവവും ജാമിഅയിലെ വിദ്യാർത്ഥി സമൂഹത്തിനിടയിൽ പകർന്നു നൽകുന്നു. ഫുഡ്‌ എക്സ്പോ, ഫിലിം സ്‌ക്രീനിംഗ്, പാനൽ ഡിസ്കഷൻ, ഫോട്ടോ എക്സിബിഷൻ തുടങ്ങി വ്യത്യസ്ത തരം കലാപരിപാടികൾ ഉൾകൊള്ളുന്നതാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മുസിരിസ്.

“Celebrating Harmony, Chasing Resilience” എന്ന ടാഗ് ലൈനിൽ മുസിരിസ് ‘24 തുടക്കം കുറിക്കുമ്പോൾ വൈവിധ്യമാര്‍ന്ന ആശയങ്ങൾ പങ്കുവെച്ചു കൊണ്ട്, ചേർത്തുപിടിക്കലിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായ മുസിരിസിനെ ഇത്തവണയും ആവേശത്തോടെ വരവേൽക്കാൻ ജാമിയ ഒരുങ്ങിക്കഴിഞ്ഞു.

മുസിരിസിന്റെ അവസാന ദിനം, ഒപ്പന, തെയ്യം,കോൽക്കളി, തിരുവാതിര, മാർഗംകളി തുടങ്ങിയ കേരളക്കരയുടെ തനതായ കലാരൂപങ്ങളാൽ സമൃദ്ധമായിരിക്കും. വിദ്യാർത്ഥികളൊന്നടങ്കം ഉത്സവാവേശത്തിൽ പങ്കെടുക്കുന്ന ‘ഘോഷയാത്ര', വിഭാഗീയതകൾക്കും വംശവെറിക്കുമെതിരെയുള്ള കലാകവചമാകുമ്പോൾ ഡൽഹിയിലെ പ്രഗത്ഭ കളരിപ്പയറ്റ് സംഘം “സത്വം കളരി“ അവതരിപ്പിക്കുന്ന പെർഫോമൻസിലൂടെ ആയോധന കലകളിൽ ശോഭിച്ചു നിൽക്കുന്ന കേരളത്തിന്റെ ചരിത്ര വീഥികളെ വീണ്ടും ഓർമപ്പെടുത്തും .

കേരള സംസ്ഥാനത്തിന്റെ രുചിയൂറും ഭക്ഷണ വിഭവങ്ങൾ നിറഞ്ഞ വിപുലമായ ‘ഫുഡ്‌ സ്റ്റാളുകൾ’ ജാമിഅയിലെ എം.എ അൻസാരി ലോണുകളിൽ രണ്ട് ദിനങ്ങളിലും സജീകരിക്കുന്നതിലൂടെ മുസിരിസിന്റെ ഭംഗി ഇരട്ടിക്കും. ഏഷ്യയിൽ തന്നെ പ്രശസ്തിയാർജിച്ച ജാമിഅയിലെ എ.ജെ.കെ എം.സി.ആര്‍.സി ഡിപ്പാർട്മെന്റുമായി സഹകരിച്ചുകൊണ്ട് മുസിരിസിന്റെ ഭാഗമായി ഫിലിം സ്‌ക്രീനിംഗ് ഒരുക്കുന്നു.

“Discoursing Kerala Model- Dialogues and portraits” എന്ന വിഷയം കേന്ദ്രീകരിച്ചു കൊണ്ടുള്ള പാനൽ ഡിസ്കഷനിൽ പ്രമുഖ അക്കാദമീഷ്യൻസ് , മാധ്യമ പ്രവർത്തകർ, സര്‍ക്കാര്‍ ഉദ്യോഗസ്ഥർ എന്നിവർ സംവദിക്കും. എം.എഫ് ഹുസൈൻ ആർട്ട്‌ ഗാലറിയിൽ വെച്ച് നടക്കുന്ന ഫോട്ടോ എക്സിബിഷനിൽ “ആഘോഷങ്ങൾ, മതപരമായ ആചാരങ്ങൾ, നാടൻ ഉത്സവങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, കായിക ഇനങ്ങൾ, ലോകകപ്പ്” തുടങ്ങിയ ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോട്ടം നടത്തും എന്നതിൽ സംശയമില്ല.

ഡൽഹിയിലെ വിവിധ സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും തലസ്ഥാന നഗരിയിലെത്തുന്നവർക്കും ഒരുപോലെ ആവേശം പകരുന്നതാണ് ഓരോ മുസിരിസും എന്നതിന് മുൻകാല മുസിരിസുകൾ സാക്ഷിയാണ്.

Related Tags :
Similar Posts