വലത് പക്ഷത്തിന്റെ കൈയിലെ കോടാലിയായി അൻവർ മാറി: എം.വി ഗോവിന്ദൻ
|‘പാർട്ടിയെ സ്നേഹിക്കുന്നവർ രംഗത്തിറങ്ങണം’
ന്യൂഡൽഹി: കേരളത്തിൽ പാർട്ടിയെയും സംസ്ഥാന സർക്കാരിനെയും തകർക്കാൻ പ്രചാരണം നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമങ്ങളുടെ ഈ പ്രചാരണങ്ങൾ പി.വി അൻവർ എംഎൽഎയും ഏറ്റെടുത്തിരിക്കുന്നു. വലത് പക്ഷത്തിന്റെ കൈയിലെ കോടാലിയായി അൻവർ മാറി. ഇതിനെതിരെ പാർട്ടിയെ സ്നേഹിക്കുന്നവർ രംഗത്തിറങ്ങണം. അൻവറിന് പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു.
കമ്യൂണിസ്റ്റ് സംവിധാനം സംബന്ധിച്ച് അൻവറിന് ധാരണയില്ല. അദ്ദേഹം കോൺഗ്രസ് കുടുംബത്തിലെ അംഗമാണ്. കെ. കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോഴാണ് അൻവർ കോൺഗ്രസ് വിട്ടത്. കരുണാകരൻ തിരികെ കോൺഗ്രസിൽ പോയപ്പോൾ അദ്ദേഹം പോയില്ല.
സാധാരണ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുന്ന സാഹചര്യങ്ങൾ അദ്ദേഹത്തിനില്ല. വർഗ ബഹുജന സംഘടനയുടേ ഭാരവാഹിത്വം വഹിച്ചിട്ടില്ല. സിപിഎമ്മിന്റെ സംഘടനാപരമായ നയത്തെക്കുറിച്ച് അൻവറിന് അറിവില്ല.
മൂന്നാം തീയതി കാണാം എന്ന് അൻവറുമായി ധാരണയിൽ എത്തിയിരുന്നു. ഇത്തരം ഇടപെടലുകളിൽനിന്നും മാറിനിൽക്കണമെന്നും പലപ്പോഴായി അൻവറിനോട് പറഞ്ഞിരുന്നു. അൻവർ ഉന്നയിച്ച പരാതിയിൽ മുന്നോട്ടുപോകുക എന്നതായിരുന്നു പാർട്ടി സമീപനം. അന്വേഷണം മുറയ്ക്ക് നടക്കുന്നുണ്ട്.
ഒരു തെറ്റുകാരനെയും വച്ചു പൊറുപ്പിക്കില്ല. മൂന്ന് പിബി അംഗങ്ങൾ നൽകിയ ഉറപ്പും അൻവർ മുഖവിലക്കെടുത്തില്ല. കോലീബി സഖ്യം ഇപ്പോഴും നിലവിലുണ്ട്. എൽഡിഎഫിനെ തകർക്കാനുള്ള ബിജെപി ശ്രമത്തെ യുഡിഎഫ് സഹായിക്കുന്നുണ്ട്. ആർഎസ്എസിന്റെ ആക്രമണത്തിൽ രക്തസാക്ഷികൾ ആയവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാരെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.