India
MLA Zeeshan Siddique
India

'എന്റെ കുടുംബം തകർന്നു, നീതി വേണം': ബാബ സിദ്ദീഖിയുടെ മകൻ സീഷൻ

Web Desk
|
18 Oct 2024 4:15 AM GMT

തന്റെ പിതാവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുതെന്നും സിഷന്‍ സിദ്ദീഖി

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദീഖിയുടെ കൊലപാതകത്തില്‍ അമര്‍ഷവും വേദനയും പങ്കുവെച്ച് മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദീഖി. തന്റെ പിതാവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുതെന്നും തനിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നും സീഷന്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'നിര്‍ധനരും നിഷ്‌കളങ്കരുമായ ജനതയുടെ ജീവിതം സംരക്ഷിക്കുന്നതിനുവേണ്ടി എന്റെ പിതാവിന് സ്വന്തം ജീവന്‍ നഷ്ടപ്പെട്ടു. ഇന്ന് എന്റെ കുടുംബം തകര്‍ന്നിരിക്കുകയാണ്, പക്ഷേ അദ്ദേഹത്തിന്റെ മരണം രാഷ്ട്രീയവത്ക്കരിക്കരുത്. എനിക്കും എന്റെ കുടുംബത്തിനും നീതി ലഭിക്കണം.' -സീഷന്‍ എക്‌സില്‍ കുറിച്ചു. സിദ്ദീഖിയുടെ മരണത്തിന് ശേഷം ഇതാദ്യമായാണ് കുടുംബം പ്രതികരിക്കുന്നത്.

ഒക്‌ടോബർ 12ന് മുംബൈയിലെ ബാന്ദ്ര മേഖലയിലെ നിർമൽ നഗറില്‍ വെച്ചാണ് ബാബ സിദ്ദീഖി വെടിയേറ്റ് കൊല്ലപ്പെടുന്നത്. സീഷന്റെ ഓഫീസില്‍ നിന്നിറങ്ങി കാറില്‍ കയറുമ്പോഴായിരുന്നു ആക്രമണം. വെടിവെപ്പ് നടത്തിയ മൂന്ന് പേരിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മൂന്നാമനായ ശിവകുമാർ ഗൗതമിനായി ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. വെടിവെപ്പുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാന്ദ്ര വെസ്റ്റിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയിരുന്ന ബാബ സിദ്ദീഖി, 48 വർഷമായി കോൺഗ്രസിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് അജിത് പവാറിന്റ എന്‍സിപിയില്‍ എത്തുന്നത്. അതേസമയം ഇപ്പോഴത്തെ ബാന്ദ്ര വെസ്റ്റ് എംഎല്‍എയാണ് സിഷന്‍ സിദ്ദീഖി. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് അദ്ദേഹത്തെ പുറക്കാക്കിയത്. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത സംഭവമാണ് പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി കാണിച്ചത്.

അതേസമയം സിഷന്‍ സിദ്ദീഖിയെ കൊല്ലനും ഷൂട്ടര്‍മാര്‍ പദ്ധതിയിട്ടിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇരുവരും ഒരുമിച്ചുണ്ടാകുമെന്നും ഇനി രണ്ട് പേരെയും കണ്ടില്ലെങ്കില്‍ ആരെയാണോ ആദ്യം കാണുന്നത് അയാളെ വെടിവെക്കാനായിരുന്നു നിര്‍ദേശമെന്നുമാണ് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സെപ്തംബറിൽ സീഷൻ, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് കത്തയച്ചിരുന്നു.

എന്നാല്‍ എംഎൽഎ എന്ന നിലയില്‍, പൊലീസ് സംരക്ഷണം ഉണ്ടായിരുന്നെങ്കിലും ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലോറന്‍സ് ബിഷ്ണോയ് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായുള്ള ബന്ധമാണ് ബാബ സിദ്ദീഖിയെ ലക്ഷ്യമിടാന്‍ കാരണം എന്നാണ് ബിഷ്ണോയ് സംഘം വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പൊലീസിന് ആയിട്ടില്ല. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാള്‍ക്ക് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം.

Similar Posts