പിതാവിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു: യുപി പൊലീസ് അറസ്റ്റ് ചെയ്ത ഉമർ ഗൗതമിന്റെ മകൾ
|ഭരണഘടനാ അവകാശങ്ങൾ വിനിയോഗിക്കുക മാത്രമാണ് പിതാവ് ചെയ്തിട്ടുള്ളതെന്നും അറസ്റ്റിനെക്കുറിച്ച് ഇതുവരെയും പൊലീസ് ഒരു വിവരവും തന്നിട്ടില്ലെന്നും മകള്‍ പറഞ്ഞു
പിതാവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് യുപി പൊലീസ് അറസ്റ്റ് ചെയ്ത മതപണ്ഡിതന് ഉമര്‍ ഗൗതമിന്റെ മകള്‍. പൊലീസിന്റെ ആരോപണങ്ങള്‍ തെറ്റാണ്. പിതാവ് നിരപരാധിയാണെന്നും ഭരണഘടനാ അവകാശങ്ങള്‍ വിനിയോഗിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നും വെബ് പോര്‍ട്ടലായ 'മക്തൂബ് മീഡിയ'യ്ക്ക് നല്കിയ അഭിമുഖത്തില്‍ മകള്‍ പ്രതികരിച്ചു.
നേരത്തെ പിതാവിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് വിട്ടയയ്ക്കുകയും ചെയ്തു. ഇതിനുശേഷം വീണ്ടും തെളിവുകളുമായി പൊലീസില്‍ ഹാജരാകാന്‍ പറഞ്ഞു. അന്നും ചോദ്യംചെയ്യല്‍ കഴിഞ്ഞ് പിതാവ് തിരിച്ചെത്തുമെന്നാണ് കരുതിയത്. എന്നാല്‍, അതുണ്ടായില്ല. വൈകുന്നേരമായിട്ടും പിതാവിനെ കാണാതായതോടെ സഹോദരനെ വിളിച്ചുപറഞ്ഞു. അവന് പൊലീസിലെത്തിയപ്പോള്‍ ഒരു പേപ്പര്‍ നല്കി അതില്‍ ഒപ്പുവയ്ക്കാനാണ് ഇന്‍സ്പെക്ടര്‍ പറഞ്ഞത്. അതുകഴിഞ്ഞ് പിതാവിനെക്കൊണ്ട് വീട്ടില്‍ പോകാമെന്നും പറഞ്ഞു. എന്നാല്‍, രാത്രി രണ്ടു മണിയായിട്ടും അവര്‍ തിരിച്ചുവന്നില്ല. പിറ്റേ ദിവസം അവര്‍ ഉപ്പയെ ലക്നൗവില്‍ കൊണ്ടുപോയി. പിന്നീടാണ് മതപരിവര്‍ത്തന കുറ്റം ചുമത്തുകയും ജിഹാദിയായി ചിത്രീകരിക്കുകയുമൊക്കെ ചെയ്ത വിവരം വാര്‍ത്തകളിലൂടെ അറിയുന്നത്-മകള്‍ പറഞ്ഞു.
നിയമവിരുദ്ധമായാണ് ഉപ്പയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെക്കുറിച്ച് ഇതുവരെയും പൊലീസ് ഒരു വിവരവും തന്നിട്ടില്ല. ഇത്തരമൊന്ന് സംഭവിക്കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നതല്ല. ഉപ്പ ആത്മവിശ്വാസത്തോടെയാണ് തെളിവുകളുമായി ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോയത്. ആ ആത്മവിശ്വാസത്തോടെ തന്നെ തിരിച്ചെത്തുമെന്നും പ്രതീക്ഷിച്ചു. ഉപ്പയ്ക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തെറ്റാണ്. യാഥാര്‍ത്ഥ്യത്തെ വളച്ചൊടിച്ചതാണതെല്ലാം. ഇസ്ലാമിക് ദഅ്വ സെന്ററില്‍(ഐഡിസി) നടക്കുന്നതെല്ലാം ഭരണഘടനാ പ്രകാരമാണ്. മാധ്യമങ്ങള്‍ ഒരു തെളിവുമില്ലാതെ ഉപ്പയെ കുറ്റവാളിയായി ചിത്രീകരിക്കുകയാണ്. ഐഎസ്ഐ ബന്ധമുള്ളതായും പാകിസ്താനില്‍ പോയതായും വെറുതെ പ്രചരിപ്പിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിനുകീഴിലാണ് ഉമര്‍ ഗൗതമിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തിലേറെ പേരെ മതംമാറ്റിയെന്നാണ് ഗൗതമിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇതേ കേസില്‍ മുഫ്തി ജഹാംഗീര്‍ ഖാസിമി എന്ന മറ്റൊരു പണ്ഡിതനും അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ അറസ്റ്റിനെതിരെ മുസ്ലിം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.