'എന്റെ പേര് ദാവൂദ് എന്നല്ല': നവാബ് മാലികിന് മറുപടിയുമായി സമീര്‍ വാങ്കഡെയുടെ പിതാവ്
|'ശത്രുക്കളാല്‍ ചുറ്റപ്പെട്ട അഭിമന്യുവിനെ പോലെയാണ് എന്റെ മകന്. ചക്രവ്യൂഹത്തില്‍ നിന്നും അവന് അര്‍ജുനനെ പോലെ തിരികെവരും'
എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ മുസ്ലിമാണെന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ പട്ടികജാതി സംവരണം ലഭിക്കാന്‍ തിരിമറി നടത്തിയെന്നുമുള്ള മന്ത്രി നവാബ് മാലികിന്റെ ആരോപണത്തിന് മറുപടിയുമായി സമീര്‍ വാങ്കഡെയുടെ പിതാവ്. തന്റെ പേര് ധ്യാന്‍ദേവ് എന്നാണെന്നും ദാവൂദ് എന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
നവാബ് മാലിക് തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും ധ്യാന്‍ദേവ് കുറ്റപ്പെടുത്തി. സമീർ വാങ്കഡെയുടെ ശരിക്കുള്ള പേര് സമീർ ദാവൂദ് വാങ്കഡെ എന്നാണെന്നും സിവില്‍ സര്‍വീസില്‍ സംവരണം ലഭിക്കാനായി വ്യാജരേഖ ചമച്ചെന്നുമാണ് നവാബ് മാലികിന്റെ ആരോപണം.
"എന്റെ പേര് ദാവൂദ് വാങ്കഡെ എന്നാണെന്ന് പറഞ്ഞാല്‍ അത് ശുദ്ധനുണയാണ്. സമീർ വാങ്കഡെയുടെ ജനന സർട്ടിഫിക്കറ്റ് പുറത്തുവിട്ട് ഞങ്ങളെ അപകീർത്തിപ്പെടുത്തുന്നതിന് പിന്നിൽ മാലിക്കിന് എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടാകുമെന്ന് ഞാൻ കരുതുന്നു. എന്റെ പേര് ജനനം മുതല്‍ ധ്യാന്‍ദേവ് വാങ്കഡെ എന്നാണ്. ഇപ്പോഴും അങ്ങനെതന്നെയാണ്. ഞാൻ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി, സർക്കാർ ഉദ്യോഗസ്ഥനായി ജോലി ചെയ്തു. മാലിക്കിന് മാത്രം എങ്ങനെയാണ് സംശയാസ്പദമായ രേഖ ലഭിച്ചത്?" എന്നാണ് സമീര്‍ വാങ്കഡെയുടെ പിതാവിന്റെ ചോദ്യം.
ശത്രുക്കളാല്‍ ചുറ്റപ്പെട്ട അഭിമന്യുവിനെ പോലെയാണ് തന്റെ മകന്. പക്ഷേ ചക്രവ്യൂഹത്തില്‍ നിന്നും അവന് അര്‍ജുനെ പോലെ തിരികെവരുമെന്നും ധ്യാന്‍ദേവ് പറഞ്ഞു.
തന്റെ പിതാവ് ഹിന്ദുവും പരേതയായ അമ്മ സഹീദ മുസ്ലിമുമാണെന്ന് നേരത്തെ സമീര്‍ വാങ്കഡെ പറഞ്ഞിരുന്നു. താന്‍ ആദ്യം വിവാഹം ചെയ്തത് ഡോ. ഷബാന ഖുറേഷിയെ ആണ്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം 2006ലായിരുന്നു വിവാഹം. 2016ല്‍ വിവാഹമോചിതനായി. 2017ലാണ് മറാത്തി നടി ക്രാന്തി രേദ്കറെ വിവാഹം ചെയ്തതെന്നും സമീര്‍ വിശദീകരിക്കുകയുണ്ടായി.
എന്‍സിബി നവാബ് മാലികിന്റെ മരുമകനെ മയക്കുമരുന്ന് കേസില്‍ ജയിലിലടച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചെന്ന് തോന്നുന്നു. മരുമകൻ ജയിലിൽ ആയിരുന്നപ്പോൾ എന്‍സിപിക്ക് എതിരെ അദ്ദേഹം ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. മരുമകന് പുറത്തിറങ്ങിയപ്പോഴാണ് നവാബ് മാലിക് എന്‍സിബിക്കെതിരെ തിരിഞ്ഞതെന്നും സമീര്‍ വാങ്കഡെയുടെ പിതാവ് പറഞ്ഞു.
സമീര്‍ വാങ്കഡെക്കെതിരായ കൈക്കൂലി ആരോപണത്തെ കുറിച്ച് പിതാവിന്റെ പ്രതികരണം ഇങ്ങനെ- "സമീർ വാങ്കഡെയ്ക്ക് ഷാരൂഖ് ഖാനിൽ നിന്ന് കൈക്കൂലി വേണമെങ്കിൽ, അത് വീട്ടിൽ എത്തിക്കാൻ നടനോട് ആവശ്യപ്പെടുമായിരുന്നു. ആര്യന് ഖാനെ അറസ്റ്റ് ചെയ്യുമായിരുന്നില്ല".
മുംബെയിലെ ആഡംബര കപ്പലില്‍ റെയ്ഡ് നടത്തി സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ ആര്യന് ഖാനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത് ഒക്ടോബര്‍ രണ്ടിനാണ്. ഷാരൂഖ് ഖാനില്‍ നിന്നും 25 കോടി തട്ടാനായിരുന്നു നീക്കമെന്നും വാങ്കഡെക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ലഹരിക്കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ ആരോപിച്ചതോടെയാണ് ആര്യന് കേസില്‍ ട്വിസ്റ്റുണ്ടായത്. ആരോപണത്തിന് പിന്നാലെ സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണവും വകപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
Sameer Dawood Wankhede का यहां से शुरू हुआ फर्जीवाड़ा pic.twitter.com/rjdOkPs4T6
— Nawab Malik نواب ملک नवाब मलिक (@nawabmalikncp) October 25, 2021