"സഹോദരി മരിച്ചിട്ടും ലീവ് കിട്ടിയില്ല... യുപിയിൽ പൊലീസുകാർ ജീവനൊടുക്കുന്നതിന്റെ കാരണം ആരെങ്കിലും അന്വേഷിക്കാറുണ്ടോ?" വൈറലായി കോൺസ്റ്റബിളിന്റെ വീഡിയോ
|"കഴിഞ്ഞ രണ്ടു വർഷത്തിനിടെ 10-12 പൊലീസുകാരെങ്കിലും സംസ്ഥാനത്ത് ജീവനൊടുക്കിയിട്ടുണ്ട്. പക്ഷേ അധികാരികൾ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല"
ലഖ്‌നൗ: യുപിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം വ്യക്തമാക്കി കോൺസ്റ്റബിൾ പുറത്തിറക്കിയ വീഡിയോ വൈറലാകുന്നു. ബാഗ്പട്ട് പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ഓംവീർ സിംഗ് ആണ് വീഡിയോയിൽ സംസ്ഥാനത്ത് പൊലീസുകാർ അനുഭവിക്കുന്ന സമ്മർദം വ്യക്തമാക്കുന്നത്. പൊലീസുകാരുടെ ജീവന് ഉദ്യോഗസ്ഥർ യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും കഴിഞ്ഞ രണ്ടു വർഷത്തിനിടെ 12 പൊലീസുകാരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയതെന്നും ഓംവീർ വീഡിയോയിൽ പറയുന്നു.
"സംസ്ഥാനത്ത് പൊലീസുകാർ അനുഭവിക്കുന്ന ദുരിതം വ്യക്തമാക്കുന്നതിനാണ് ഇത്തരമൊരു വീഡിയോ. ഈ വീഡിയോയ്ക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങളില്ലെന്ന് ആദ്യമേ പറയട്ടെ... കഴിഞ്ഞ രണ്ടു വർഷത്തിനിടെ 10-12 പൊലീസുകാരെങ്കിലും സംസ്ഥാനത്ത് ജീവനൊടുക്കിയിട്ടുണ്ട്. പക്ഷേ അധികാരികൾ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. ഇന്നലെ അയോധ്യയിലും മീററ്റിലും ഓരോ പൊലീസുകാർ വീതം ജീവനൊടുക്കി. ഇത്രയധികം പൊലീസുകാർ സ്വയം ജീവനൊടുക്കുന്നതിന്റെ കാരണം ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?
വീട്ടിൽ നിന്ന് ഏറെ ദൂരെ പോസ്റ്റിംഗ് നൽകിയും ലീവ് തടഞ്ഞു വെച്ചുമൊക്കെ പൊലീസുകാരെ കഷ്ടപ്പെടുത്തുകയാണ് അധികൃതർ. കഴിഞ്ഞ ജൂലൈ 20ന് എന്റെ സഹോദരി മരിച്ചു. എന്നാൽ ലീവ് കിട്ടാത്തതിനാൽ എനിക്ക് പോകാനായില്ല. അത്യന്തം ദുഖിതനായാണ് ഞാനിത് പറയുന്നത്. എന്തിനാണ് ഞങ്ങളുടെ മേൽ ഇത്രയധികം സമ്മർദം അടിച്ചേൽപ്പിക്കുന്നത്? മനുഷ്യത്വം എന്നത് ഞങ്ങൾക്ക് ബാധകമല്ലേ? വീടുകളിൽ നിന്ന് ഏറെ ദൂരം പോസ്റ്റിംഗ് നൽകിയാൽ എങ്ങനെ കുടുംബത്തെ നോക്കാനാണ് ഞങ്ങൾ? അതിനാൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്".
നിലവിൽ ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ ജോലിയിലേക്ക് മാത്രമായി ചുരുങ്ങുകയാണ്. ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞാലുടൻ ഉത്സവം ഡ്യൂട്ടി, അതു കഴിഞ്ഞാൽ നൈറ്റ് പട്രോളിങ് കാത്തിരിപ്പുണ്ടാവും. ഡ്യൂട്ടിയിൽ നിന്ന് ഇടയ്‌ക്കെങ്കിലും ഒഴിവ് വേണ്ടേ? ഇത്രയും സമ്മർദങ്ങൾ താങ്ങാനാവാതെയാണ് പലരും ജീവനൊടുക്കുന്നത്. വീട്ടുകാരെ പോലും കാണാതെ ഡ്യൂട്ടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഇതു തന്നെയാവും തുടർന്നും ഫലം. സ്വന്തം ജില്ലയിൽ പോസ്റ്റിംഗ് നൽകാനാവില്ലെങ്കിൽ ബോർഡർ ജില്ലകളിൽ ഡ്യൂട്ടി നൽകുന്നതെങ്കിലും പരിഗണിക്കണം". വീഡിയോയിൽ ഓംവീർ പറഞ്ഞു.