അപൂര്‍വ പനി ബാധിച്ച് അഞ്ചു മരണം; ആശങ്കയില്‍ യു.പിയിലെ കസ്ഗഞ്ച്
|പനി ബാധിച്ച് നിരവധി ആളുകളാണ് തന്‍റെ പക്കലെത്തുന്നതെന്ന് ആയുര്‍വേദ ഡോക്ടറായ മുകേഷ് പറഞ്ഞു
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട അപൂര്‍വ പനി കസ്ഗഞ്ച് ഉള്‍പ്പെടെ മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നു. കസ്ഗഞ്ചില്‍ അഞ്ചു പേര്‍ പനി ബാധിച്ചു മരിച്ചതായി അസിസ്റ്റന്‍റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അവനീന്ദ്ര കുമാര്‍ പറഞ്ഞു. പകര്‍ച്ചപനി തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
ഉയർന്ന പനിയും കുറഞ്ഞ പ്ലേറ്റ്ലെറ്റുകളുടെ എണ്ണവും രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. പനി ബാധിച്ച് നിരവധി ആളുകളാണ് തന്‍റെ പക്കലെത്തുന്നതെന്ന് ആയുര്‍വേദ ഡോക്ടറായ മുകേഷ് പറഞ്ഞു. ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരുടെ രക്തസാമ്പിളുകൾ പരിശോധനക്കായി എടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചികിത്സ തേടി ചെറിയ ക്ലിനിക്കുകളിലാണ് കൂടുതലും ആളുകളെത്തുന്നത്. സ്വകാര്യ ആശുപത്രി ചെലവ് താങ്ങാനാകില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ തങ്ങളെ ആരും ശ്രദ്ധിക്കില്ലെന്നും പ്രദേശവാസിയായ സലിം പറഞ്ഞു. ഗണേഷ്പൂരിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അടുത്തിടെ ചില മരണങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു മരണം മാത്രമാണ് സ്ഥിരീകരിച്ചതെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റര്‍ സൂപ്രണ്ട് ഡോ.മുകേഷ് കുമാർ പറഞ്ഞു. പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മെഡിക്കൽ ടീമുകൾ പനി ബാധിത പ്രദേശങ്ങളിലേക്ക് പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.