India
നാഗാലാ‌ൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് ഇന്ന്
India

നാഗാലാ‌ൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് ഇന്ന്

Web Desk
|
27 Feb 2023 12:51 AM GMT

സ്ഥാനാർഥിയുടെ മരണത്തോടെ മേഘാലയയിലെ ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്

ഡൽഹി: നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. 60 മണ്ഡലങ്ങളുള്ള ഇരു സംസ്ഥാനങ്ങളിലെയും 59 മണ്ഡലങ്ങളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്നണി ഭരണം നിലനിൽക്കുന്ന ഇരു സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് ഭരണം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.

രാവിലെ 7 മുതൽ വൈകീട്ട് 5 വരെ നടക്കുന്ന വോട്ടെടുപ്പിൽ മേഘാലയയിലെ 21 ലക്ഷം വോട്ടർമാരാണ് ജനവിധി എഴുതുന്നത്. സ്ഥാനാർഥിയുടെ മരണത്തോടെ മേഘാലയയിലെ ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്. അനധികൃത ഖനനം ഉൾപ്പടെയുള്ള പ്രാദേശിക വിഷയങ്ങൾ നിലനിൽക്കുന്ന മേഘാലയയിൽ ഭരണ തുടർച്ചയാണ് നാഷണൽ പീപ്പിൾസ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്.

സഖ്യ കക്ഷിയായ ബിജെപി ആസാം, അരുണാചൽ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ മേഘാലയയിൽ ഒറ്റയ്ക്ക് ഭരണം പിടിക്കാനാണ് ശ്രമിക്കുന്നത്. നാഗാലാൻഡിൽ കഴിഞ്ഞ ഒരു വർഷമായി പ്രതിപക്ഷം ഇല്ലാതെ ആണ് ബിജെപി കൂടി ഭാഗമായ മുന്നണി ഭരിക്കുന്നത്. അക്ലോട്ടോ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പിന്മാറ്റത്തോടെ മൽസരം ഇവിടെയും 59 സീറ്റുകളിലേക്ക് ആണ്.

നാഗാ പീപ്പിൾ ഫ്രണ്ടിന് എതിരെയാണ് ബിജെപി, എൻഡിപിപി എന്നീ പാർട്ടികളുടെ യോജിച്ചുള്ള പോരാട്ടം. കോൺഗ്രസും തൃണമൂൽ കോൺഗ്രസും മൽസര രംഗത്തുണ്ട് എങ്കിലും ഭരണ മുന്നണിക്ക് ഇത് വെല്ലുവിളി അല്ല. രാവിലെ ഏഴു മുതൽ നാല് വരെ നടക്കുന്ന വോട്ടെടുപ്പിൽ 13 ലക്ഷം വോട്ടർമാരാണ് നാഗാലാൻഡിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. മാർച്ച് രണ്ടിന് ആണ് ഇരു സംസ്ഥാനങ്ങളിലും വോട്ട് എണ്ണൽ.

Similar Posts