ജയ്ശ്രീറാം വിളിച്ച് നമസ്കാരം തടസപ്പെടുത്തി; ജുമുഅയ്ക്കിടെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍
|പൊതു സ്ഥലത്ത് നമസ്‌ക്കരിക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഗുരുഗ്രാം സെക്ടര്‍ 12 ലെ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നതിനിടെ ബജ്റംഗ്ദളിന്റെ പ്രതിഷേധം. നമസ്‌കാരത്തിനിടെ ജയ്ശ്രീരാം വിളിയുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. പൊതു സ്ഥലത്ത് നമസ്‌ക്കരിക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സംസ്ഥാന വിജിലന്‍സ് ബ്യൂറോ ഓഫിസിന് എതിര്‍വശത്തുള്ള പൊതു മൈതാനത്തു നടന്ന ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്താനാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കല്ലുകളേന്തി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ജയ്ശ്രീരാം വിളിക്കുന്നത് വിഡിയോയില്‍ കാണാം. തുടര്‍ന്ന് പൊലീസ് സുരക്ഷയിലായിരുന്നു ജുമുഅ നിസ്കാരം നടന്നത്.
This happened today near sector 12-A in Gurgaon as local residents gathered yet again to protest the Friday prayers which was reportedly being offered on a pvt property.. pic.twitter.com/DRxoTsYk2U
— Mohammad Ghazali (@ghazalimohammad) October 22, 2021
ഇതിനു മുന്‍പ് സെക്ടര്‍ 47 ല്‍ സമാനമായ സംഘര്‍ഷാവസ്ഥകള്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം നമസ്‌കരിക്കാന്‍ വിട്ടു കൊടുത്തതിനെതിരെയായിരുന്നു പ്രതിഷേധം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സെക്ക്ടര്‍12ഉം 47ഉം ഗുഡ്ഗാവ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗമാണ്. ഇവിടെ മുസ്‍ലിംകള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുവാദമുണ്ട്. 2018 ലെ സമാന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമായ സ്ഥലങ്ങളാണിത്.
എല്ലാവര്‍ക്കും ആരാധന കര്‍മങ്ങള്‍ നടത്താനുള്ള അവകാശമുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഗതാഗതം തടസ്സപ്പെടുത്തിയുള്ള ആരാധന അനുവദിക്കാനാവില്ലെന്ന് ഖട്ടര്‍ പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിച്ചിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം കാര്യങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.