ഇസ്ലാം നഗർ ഇനി ജഗദീഷ്പൂർ: മധ്യപ്രദേശിൽ വീണ്ടും പേരുമാറ്റവുമായി ബി.ജെ.പി സർക്കാർ
|തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 12 കി.മീ അകലെയാണ് കോട്ടകൾക്ക് പേരുകേട്ട 'ഇസ്ലാം നഗർ' സ്ഥിതി ചെയ്യുന്നത്.
ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും സ്ഥലപ്പേര് മാറ്റം. ഭോപ്പാലിലെ ഇസ്ലാം നഗർ ഗ്രാമത്തിന്റെ പേരാണ് മാറ്റിയത്. ഇനി ജഗദീഷ്പൂർ എന്നായിരിക്കും ഇസ്ലാം നഗർ അറിയപ്പെടുകയെന്ന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. പേരുമാറ്റത്തിന് കഴിഞ്ഞവർഷം കേന്ദ്രം അനുമതി നൽകിയിരുന്നതായും സർക്കാർ പറയുന്നു.
തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 12 കി.മീ അകലെയാണ് കോട്ടകൾക്ക് പേരുകേട്ട ഇസ്ലാം നഗർ സ്ഥിതി ചെയ്യുന്നത്. 308 വർഷം മുമ്പ് ഇസ്ലാം നഗറിന്റെ പേര് ജഗദീഷ്പൂർ എന്നായിരുന്നു എന്നാണ് അധികൃതരുടെ വാദം. 1719ൽ ദോസ്ത് മുഹമ്മദ് ഖാൻ അധികാരം ഏറ്റെടുക്കുന്നതിനു പിന്നാലെ ഇസ്ലാം നഗറിനെ ഭോപ്പാലിന്റെ തലസ്ഥാനമാക്കുകയായിരുന്നു എന്ന് ഇതുമായി ബന്ധപ്പെട്ടുള്ള വിവരണങ്ങളിലൊന്നിൽ പറയുന്നു. അതിന് നാല് വർഷം മുമ്പ് 1715ലാണ് ജഗദീഷ്പൂറിന്റെ പേര് ഇസ്ലാം നഗർ എന്ന് പുനർനാമകരണം ചെയ്തതെന്നും അതിൽ പറയുന്നു.
മധ്യപ്രദേശ് രാജ്ഭവന്റെ വെബ്സൈറ്റ് അനുസരിച്ച്, "1724ൽ അഫ്ഗാൻ സൈനികനായ ദോസ്ത് മുഹമ്മദ് ഖാൻ ഭോപ്പാൽ സംസ്ഥാനം സ്ഥാപിച്ചു. മുഗൾ സാമ്രാജ്യത്തിന്റെ ശിഥിലീകരണം മുതലെടുത്ത് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. അതോടെ ഹിന്ദു നഗരമായ ഭോപ്പാൽ ഇസ്ലാമിക സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും സ്വാധീനത്തിലേക്ക് എത്താൻതുടങ്ങി"- അതിൽ പറയുന്നു.
"ആധുനിക ഭോപ്പാലിൽ നിന്ന് 12 കിലോമീറ്റർ അകലെ ജഗദീഷ്പൂരിൽ ദോസ്ത് മുഹമ്മദ് ഖാൻ തന്റെ തലസ്ഥാനം സ്ഥാപിക്കുകയും അതിന് ഇസ്ലാം നഗർ എന്ന് നാമകരണം ചെയ്യുകയും ചെയ്തു"- വിവരണം പറയുന്നു.
"അദ്ദേഹം ഇസ്ലാം നഗറിൽ ഒരു ചെറിയ കോട്ടയും ചില കൊട്ടാരങ്ങളും പണിതു. കോട്ടയുടെ ഒരു ഭാഗം അതിന്റെ യഥാർഥ പ്രതാപത്തിലേക്ക് പുനഃസ്ഥാപിച്ചത് അടുത്തിടെയാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം അവിടുത്തെ തടാകത്തിന്റെ വടക്കേ കരയിൽ ഒരു വലിയ കോട്ട പണിതു. ഈ പുതിയ കോട്ടയ്ക്ക് ഫത്തേഗഡ് (വിജയത്തിന്റെ കോട്ട) എന്ന് നാമകരണം ചെയ്തു. പിന്നീട് അദ്ദേഹം തന്റെ തലസ്ഥാനം ഭോപ്പാലിലേക്ക് മാറ്റി"- വെബ്സൈറ്റിൽ പറയുന്നു.
ഇതാദ്യമായല്ല, മധ്യപ്രദേശ് സർക്കാർ സ്ഥലങ്ങളുടെ പേര് മാറ്റുന്നത്. നേരത്തെ, ഹിഷാംഗാബാദിന്റെ പേര് നർമദാപുരം എന്നും നസ്റുല്ലാഗഞ്ചിന്റെ പേര് ഭൈരുന്ദ എന്നുമാക്കി മാറ്റിയിരുന്നു. കഴിഞ്ഞദിവസങ്ങളിലായി രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേരും ഡല്‍ഹി സര്‍വകലാശാലയിലെ മുഗള്‍ ഗാര്ഡന് എന്ന പേരിലുള്ള ഉദ്യാനത്തിന്റെ പേരും മാറ്റിയിരുന്നു.
'അമൃത് ഉദ്യാൻ' എന്നായാണ് രാഷ്ട്രപതി ഭവനിലെ ഉദ്യായത്തിന്റെ പേര് മാറ്റിയത്. മുഗള്‍ ഭരണകാലത്താണ് ഉദ്യാനം നിര്‍മിച്ചത്. രാജ്ഭവൻ മേഖലയിൽ മുഗൾ ഗാർഡൻസ് എന്ന് രേഖപ്പെടുത്തിയ സൂചനാ ബോർഡുകൾ ബുൾഡോസറുകൾ കൊണ്ട് നീക്കുകയും അമൃത് ഉദ്യാൻ എന്ന പുതിയ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
സര്‍വകലാശാലയിലെ നോര്‍ത്ത് ക്യാമ്പസിലെ ഉദ്യാനത്തിന് 'ഗൗതം ബുദ്ധ സെന്റിനറി ഗാര്‍ഡനെ'ന്നാണ് പുനർ നാമകരണം ചെയ്തത്. സര്‍വകലാശാലയിലെ പൂന്തോട്ടത്തിന് മുഗള്‍ ശൈലിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റിയിരിക്കുന്നത്.