നാരായണ്‍ റാണെ; 20 വര്‍ഷത്തിനിടെ അറസ്റ്റിലാവുന്ന ആദ്യ കേന്ദ്രമന്ത്രി
|നാരായണ്‍ റാണെയെ കസ്റ്റഡിയിലെടുത്തെന്നും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും നാസിക് പൊലീസ് മേധാവി ദീപക് പാണ്ഡെ പറഞ്ഞു. രാജ്യസഭാംഗമായ റാണെയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ അറസ്റ്റിലാവുന്ന ആദ്യ കേന്ദ്രമന്ത്രിയായി നാരായണ്‍ റാണെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് റാണെയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തെറ്റുവരുത്തിയെന്ന് ആരോപിച്ചാണ് നാരായണ്‍ റാണെ രൂക്ഷമായി വിമര്‍ശിച്ചത്. ഒരു മുഖ്യമന്ത്രിക്ക്, സ്വാതന്ത്ര്യം നേടിയ വര്‍ഷം തെറ്റിപ്പോകുന്നത് അങ്ങേയറ്റം നാണംകെട്ട സംഭവമാണെന്നാണ് റാണെ പറഞ്ഞത്. പ്രസംഗ സമയം താനവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഉദ്ധവ് താക്കറെയേ അടിക്കുമായിരുന്നു എന്നും റാണെ പറഞ്ഞു.
റാണെക്കെതിരെ വന്‍ പ്രതിഷേധവുമായി ശിവസേന രംഗത്ത് വന്നത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. രാവിലെ ജുഹുവിലുള്ള റാണെയുടെ വസതിയിലേക്ക് ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പരസ്പരം കല്ലെറിഞ്ഞ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചാണ് പൊലീസ് പിരിച്ചുവിട്ടത്.
നാരായണ്‍ റാണെയെ കസ്റ്റഡിയിലെടുത്തെന്നും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും നാസിക് പൊലീസ് മേധാവി ദീപക് പാണ്ഡെ പറഞ്ഞു. രാജ്യസഭാംഗമായ റാണെയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തത്. ഒരു കേന്ദ്രമന്ത്രിയെ ക്സ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ശിവസേനയിലാണ് നാരായണ്‍ റാണെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1990ല്‍ ആദ്യമായി നിയമസഭയിലെത്തി. 1999ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. ശിവസേന-ബി.ജെ.പി സഖ്യത്തിലെ തര്‍ക്കംമൂലം മുഖ്യമന്ത്രി പദത്തില്‍ അധികം തുടരാന്‍ അദ്ദേഹത്തിനായില്ല. ആ വര്‍ഷം തന്നെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഭരണം നഷ്ടമായി.
2005ല്‍ ശിവസേന വിട്ട അദ്ദേഹം കോണ്‍ഗ്രസിലെത്തി മന്ത്രിയായി. മുഖ്യമന്ത്രിയാക്കാമെന്ന വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ച് 2017ല്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് മക്കളായ നീലേഷ്, നിതേഷ് എന്നിവര്‍ക്കൊപ്പം സ്വന്തം പാര്‍ട്ടി രൂപീകരിച്ചെങ്കിലും പിന്നീട് അതിനെ ബി.ജെ.പിയുമായി ലയിപ്പിച്ചു. ജൂലൈയിലാണ് അദ്ദേഹം മോദി മന്ത്രിസഭയില്‍ അംഗമായത്.