'ഇന്ത്യൻ മുജാഹിദീനിലും ഈസ്റ്റിന്ത്യാ കമ്പനിയിലുമെല്ലാം ഇന്ത്യയുണ്ട്'; വിശാല പ്രതിപക്ഷ സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി
|'മോദിയെ എതിർക്കുക എന്ന ഒറ്റ അജണ്ടയുമായി നടക്കുന്ന, നിസ്സഹായരും പരാജിതരും പരിക്ഷീണിതരുമായ ഒരു സംഘമാണ് പ്രതിപക്ഷം. പ്രതിപക്ഷമായി തന്നെ തുടരാനാണ് സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് അവരുടെ പെരുമാറ്റം പറയുന്നുണ്ട്.'
ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആരംഭിച്ച വിശാല പ്രതിപക്ഷ സഖ്യം 'I.N.D.I.A'യെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇന്ത്യ' എന്ന വാക്ക് പ്രയോഗിച്ചതുകൊണ്ടു മാത്രം കാര്യമുണ്ടാകില്ലെന്നും ഇന്ത്യൻ മുജാഹിദീന്റെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും പേരിലെല്ലാം ഇന്ത്യയുണ്ടെന്നും മോദി വിമർശിച്ചു.
ഇന്ന് ഡൽഹിയിൽ ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മോദിയുടെ പരാമർശം. 'ഇത്രയും ദിശാബോധമില്ലാത്തൊരു പ്രതിപക്ഷത്തെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഇന്ത്യ എന്ന പേരുപറഞ്ഞ് അവർ ആത്മപ്രശംസ തുടരുകയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ഈസ്റ്റ് ഇന്ത്യാ കമ്പനി, ഇന്ത്യൻ മുജാഹിദീൻ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.. ഇതിലെല്ലാം ഇന്ത്യയുണ്ട്.'-മോദി കടന്നാക്രമിച്ചു.
ഇന്ത്യ എന്ന് ഉപയോഗിച്ചതുകൊണ്ടു മാത്രം കാര്യമുണ്ടാകില്ല. ബ്രിട്ടീഷുകാർ ഇവിടെ വന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നു പേരിട്ട പോലെത്തന്നെയാണ് പ്രതിപക്ഷവും സ്വയം ഇന്ത്യ എന്ന പേരുമായി വരുന്നത്. മോദിയെ എതിർക്കുക എന്ന ഒറ്റ അജണ്ടയുമായി നടക്കുന്ന, നിസ്സഹായരും പരാജിതരും പരിക്ഷീണിതരുമായ ഒരു സംഘമാണ് പ്രതിപക്ഷം. പ്രതിപക്ഷമായി തന്നെ തുടരാനാണ് സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് അവരുടെ പെരുമാറ്റം പറയുന്നുണ്ടെന്നും മോദി പരിഹസിച്ചു.
മണിപ്പൂർ സംഘർഷത്തിൽ പ്രതിപക്ഷം പ്രതിഷേധവും സമരപരിപാടികളും കടുപ്പിക്കുന്നതിനിടെയാണ് ബി.ജെ.പി ഇന്ന് പാർലമെന്ററി പാർട്ടി യോഗം ചേരുന്നത്. വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ പ്രതിഷേധം തുടരുകയാണ്. ഇന്നലെ രാത്രി പാർലമെന്റിനു മുന്നിൽ ആരംഭിച്ച പ്രതിഷേധം ഇന്നു രാവിലെയും തുടരുകയാണ്.
ജൂലൈ 18ന് ബംഗളൂരുവിൽ നടന്ന വിശാല പ്രതിപക്ഷ യോഗത്തിലായിരുന്നു സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എ.എ.പി, ജെ.ഡി.യു, ആർ.ജെ.ഡി, ജെ.എം.എം, എൻ.സി.പി(ശരദ് പവാർ വിഭാഗം), നാഷനൽ കോൺഫറൻസ്, പി.ഡി.പി, സി.പി.എം, സി.പി.ഐ, ആർ.എസ്.പി, ശിവസേന(ഉദ്ദവ് താക്കറെ വിഭാഗം), മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ഉൾപ്പെടെ 26 കക്ഷികളാണ് സഖ്യത്തിന്റെ ഭാഗമായുള്ളത്. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൺവീനറും ആയേക്കുമെന്നാണ് റിപ്പോർട്ട്. പൊതുമിനിമം പരിപാടി തയാറാക്കാൻ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.
Summary: "Indian Mujahideen's name also has India": PM Narendra Modi attacks opposition alliance I.N.D.I.A