India
ബിജെപിക്ക് 25 വർഷത്തെ പ്ലാൻ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
India

ബിജെപിക്ക് 25 വർഷത്തെ പ്ലാൻ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Web Desk
|
17 March 2022 9:15 AM GMT

തങ്ങളുടെ മണ്ഡലപരിധിയിൽ പാർട്ടിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാകാതിരുന്ന നൂറു പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ബിജെപി എംപിമാർക്ക് പ്രത്യേക നിർദേശം നൽകി

നാലു സംസ്ഥാനങ്ങളിൽ മികച്ച വിജയം നേടി മന്ത്രിസഭ രൂപവത്കരിക്കുന്ന ബിജെപിക്ക് അടുത്ത 25 വർഷത്തെ പ്ലാൻ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024ലെ പാർലമെൻററി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മന്ത്രിസഭകൾ രൂപവത്കരിക്കാനാണ് പ്രധാന നിർദേശം. എസ്‌സി, എസ്ടി, ഒബിസി തുടങ്ങിയ വിവിധ ജാതി, മത വിഭാഗങ്ങൾ, യുവാക്കൾ, വനിതകൾ, വിദ്യാസമ്പന്നർ എന്നിവർക്ക് പ്രാതിനിധ്യം നൽകിയാകും മന്ത്രിസഭകൾ അധികാരമേൽക്കുക. അടുത്ത 25 വർഷം രാജ്യത്തിനും ബിജെപിക്ക് നേതൃത്വം നൽകുന്നതിൽ യുവജനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് നരേന്ദ്രമോദി ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ മണ്ഡലപരിധിയിൽ പാർട്ടിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാകാതിരുന്ന നൂറു പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ബിജെപി എംപിമാർക്ക് പ്രത്യേക നിർദേശം നൽകിയിരിക്കുകയാണ്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ മന്ത്രിസഭ രൂപവത്കരിക്കാനായി നിരവധി യോഗങ്ങളാണ് നരേന്ദ്രമോദിയും ഇതര മുതിർന്ന ബിജെപി നേതാക്കളും ചേർന്നിരിക്കുന്നത്. ഈ ചർച്ചകളുടെ ഭാഗമായിരുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി മാർച്ച് 21ന് രണ്ടാമതും ചുമതലയേറ്റെടുക്കുമെന്നാണ് വിവരം.

യുപിയിൽ 20 പുതിയ മന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. മുൻ ഉപമുഖ്യമന്ത്രി കേശവ് മൗര്യയടക്കം 11 മന്ത്രിമാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. നാലുപേർ പാർട്ടി മാറുകയും ചെയ്തു. ഇത് 15 പുതിയ ആളുകൾക്ക് മന്ത്രിപദത്തിലെത്താൻ വഴിയൊരുക്കും. ചില മന്ത്രിമാരെ മോശം പ്രകടനം മൂലം പുറത്താക്കാനും ഇടയുണ്ട്. ഉത്തരാഖണ്ഡ് ഗവർണർ പദവി രാജിവെച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ ബാബിരാനി മൗര്യക്ക് പ്രധാന പദവി നൽകാനിടയുണ്ട്. മുൻ ഉദ്യോഗസ്ഥരായ എസ്‌കെ ശർമ, അസിം അരുൺ, രാജേശ്വർ സിങ് എന്നിവർ മന്ത്രിമാരായേക്കും. അപ്രതീക്ഷിതമായി ബിജെപി നേട്ടം കൊയ്ത പടിഞ്ഞാറൻ യുപിയിൽ നിന്ന് പുതിയ മന്ത്രിമാരുണ്ടായേക്കും.

ബിജെപിക്ക് 41.06%, കോൺഗ്രസിന് വെറും 2.33%; യുപിയിലെ വോട്ട് ഓഹരിയിങ്ങനെ

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സീറ്റു കുറഞ്ഞെങ്കിലും ബിജെപി വോട്ടുവിഹിതം ഉയർത്തിയിരുന്നു. 255 സീറ്റു നേടിയ ബിജെപി 41.06 ശതമാനം വോട്ടാണ് സ്വന്തമാക്കിയത്. 2017ൽ 39 ശതമാനം വോട്ടു വിഹിതത്തിൽ 312 സീറ്റാണ് ബിജെപി നേടിയിരുന്നത്. അമ്പത്തിയേഴ് സീറ്റുകളുടെ കുറവുണ്ടെങ്കിലും രണ്ടു ശതമാനത്തിലേറെ അധികം വോട്ടാണ് ഇത്തവണ ബിജെപിക്കു കിട്ടിയത്. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് സംസ്ഥാനത്ത് ഇത്രയും കൂടുതൽ വോട്ടുവിഹിതം ലഭിക്കുന്നത്.

111 സീറ്റു നേടിയ എസ്പി 32 ശതമാനം വോട്ടു നേടി. 2017ലേതിനേക്കാൾ പത്തു ശതമാനം അധികം വോട്ടാണ് അഖിലേഷ് യാദവിന്റെ പാർട്ടി പിടിച്ചത്. 2012ൽ 224 സീറ്റു നേടി അധികാരത്തിലെത്തിയ വേളയിൽ പോലും എസ്പിക്ക് ഇത്രയും വോട്ടുവിഹിതമുണ്ടായിരുന്നില്ല. മുസ്ലിം-യാദവ വോട്ടുകളുടെ ഏകീകരണം എസ്പിക്ക് ഗുണകരമായി എന്നാണ് വിലയിരുത്തൽ.

പ്രചാരണഘട്ടം മുതൽ ചിത്രത്തിലില്ലാതിരുന്ന ബിഎസ്പി 12.7 ശതമാനം വോട്ടു മാത്രമാണ് നേടിയത്. 2017ലെ 22.2 ശതമാനത്തിൽ നിന്നാണ് മായാവതിയുടെ പാർട്ടിയുടെ വീഴ്ച. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണങ്ങൾക്കു ശേഷവും 2.33 ശതമാനം മാത്രമാണ് കോൺഗ്രസിന്റെ വോട്ടുവിഹിതം. 2017ൽ കോൺഗ്രസിന് കിട്ടിയത് 6.3 ശതമാനം വോട്ടാണ്. സീറ്റുകളുടെ എണ്ണം ഏഴിൽ നിന്ന് രണ്ടായി ചുരുങ്ങുകയും ചെയ്തു. ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദൾ 2.85 ശതമാനം വോട്ടു നേടി. പടിഞ്ഞാറൻ യുപിയിൽ സ്വാധീനമുള്ള പാർട്ടി എട്ടു സീറ്റാണ് സ്വന്തമാക്കിയത്.

ബിജെപി പാർലമെൻററി ബോർഡാണ് ഔദ്യോഗികമായി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. യുപിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കാലാവധി പൂർത്തിയാക്കിയ സർക്കാരിനെ വീണ്ടും തെരെഞ്ഞെടുക്കുന്നത്.

യോഗി ആദിത്യനാഥിനെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതിനാൽ മുഖ്യമന്ത്രിയായി മറ്റൊരാളുടെ പേര് പരിഗണിക്കില്ല. ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കുന്ന കാര്യത്തിൽ പാർലമെൻററി ബോർഡ് അന്തിമ തീരുമാനമെടുക്കും. ബിജെപിയുടെ മിന്നുന്ന വിജയത്തിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ രാജി ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. മറ്റൊരു ഉപമുഖ്യന്ത്രിയായിരുന്ന ദിനേശ് ശർമ ഉപരിസഭ വഴിയാണ് നേരത്തേ തെരഞ്ഞെടുക്കപ്പെട്ടത്.

Prime Minister Narendra Modi has proposed a plan for the next 25 years for the BJP, which will form a cabinet with great success in four states

Similar Posts