India
നരേന്ദ്ര മോദി ഇപ്പോഴും സ്വയംസേവകൻ, വി.എച്ച്.പിയടക്കം എല്ലാവരും സേവകർ; വിശദീകരണവുമായി മോഹൻ ഭാഗവത്
India

'നരേന്ദ്ര മോദി ഇപ്പോഴും സ്വയംസേവകൻ, വി.എച്ച്.പിയടക്കം എല്ലാവരും സേവകർ'; വിശദീകരണവുമായി മോഹൻ ഭാഗവത്

Web Desk
|
20 Nov 2022 10:02 AM GMT

എല്ലാവരും സ്വയംസേവകരാണെന്നും ആർഎസ്എസ് അവരെ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്നില്ലെന്നും അവരെല്ലാം സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണെന്നും മോഹൻ ഭാഗവത്

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും സംഘത്തിന്റെ സ്വയംസേവകനും പ്രചാരകനുമാണെന്നും സംഘത്തെ കുറിച്ച് പറയുമ്പോൾ എല്ലാവരും മോദിജിയുടെ പേര് പറയുകയാണെന്നും രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവത്. മധ്യപ്രദേശിലെ ജബൽപൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എച്ച്.പിയടക്കം എല്ലാവരും സ്വയംസേവകരാണെന്നും ആർഎസ്എസ് അവരെ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്നില്ലെന്നും അവരെല്ലാം സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണെന്നും മോഹൻ ഭാഗവത് വിശദീകരിച്ചു.

സംഘം ശാഖകൾ സംഘടിപ്പിക്കാൻ മാത്രമല്ല പ്രവർത്തിക്കുന്നതെന്നും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ ജനങ്ങളെ പ്രേത്സാഹിപ്പിക്കാനാണെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. സംഘത്തിന്റെ ബുദ്ധിജീവികളുടെയും പ്രധാനവ്യക്തികളുടെയും സംഗമമായിരുന്നു ജബൽപൂരിൽ നടന്നത്. 'ഇന്ത്യ ഒരു രാജ്യമായത് ഭാഷയുടെയോ കച്ചവട താൽപര്യത്തിന്റെയോ രാഷ്ട്രീയ ശക്തിയുടെയോ ചിന്തയുടെയോ പുറത്തല്ലെന്നും മറിച്ച് നാനത്വത്തിൽ ഏകത്വത്തിന്റെയും വസുദൈവ കുടുംബകത്തിന്റെയും (ലോകം ഒരൊറ്റ കുടുംബം) പേരിലാണെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

ഒരു വ്യക്തിക്കോ ഒരു സംഘടനയ്ക്കോ ഒരു രാഷ്ട്രീയ സംഘടനയ്ക്കോ മാത്രം വലിയ മാറ്റം കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഹിന്ദുത്വ എന്നാൽ എല്ലാവരെയും ആശ്ലേഷിക്കുന്ന തത്ത്വചിന്തയാണ്, ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഹിന്ദുത്വത്തിന്റെ പ്രധാന ആത്മാവാണ്' അദ്ദേഹം അഭിപ്രായപ്പെട്ടു.

Narendra Modi is still Swayamsevak, everyone including VHP is Sevak: Mohan Bhagwat

Similar Posts