മോദി ഇനി പ്രധാനമന്ത്രിയാകില്ല; ജൂൺ നാലിനുശേഷം ബി.ജെ.പി പിളരും-ഉദ്ദവ് താക്കറെ
|2014ലും 2019ലും എൻ.ഡി.എയ്ക്കു വേണ്ടി വോട്ട് ചോദിച്ചതിൽ മഹാരാഷ്ട്രക്കാരോട് മാപ്പുചോദിക്കുകയാണെന്നും ഉദ്ദവ് പറഞ്ഞു
മുംബൈ: നരേന്ദ്ര മോദി ഇനിയും പ്രധാനമന്ത്രിയാകില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യന്ത്രി ഉദ്ദവ് താക്കറെ. ജൂൺ നാലിന് ലോക്സഭാ ഫലം പ്രഖ്യാപിച്ച ശേഷം ബി.ജെ.പിയിൽ പിളർപ്പുണ്ടാകുമെന്നും ശിവസേന(ഉദ്ദവ് പക്ഷം) നേതാവ് പറഞ്ഞു. നാസികിൽ രാജഭാവു വാജെയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവസേന കോൺഗ്രസിൽ ലയിക്കുമെന്നു താങ്കൾ വാദിക്കുമ്പോഴും ബി.ജെ.പിയെ കുറിച്ചാണ് തന്റെ ആശങ്കയെന്ന് മോദിയെ ലക്ഷ്യമിട്ട് ഉദ്ദവ് പറഞ്ഞു. 30 വർഷക്കാലം ഒപ്പമുണ്ടായിട്ടും ഞങ്ങൾ ബി.ജെ.പിയിൽ ലയിച്ചിട്ടില്ല. ജൂൺ അഞ്ചിന് താങ്കൾ മുൻ പ്രധാനമന്ത്രിയാകുമെന്ന് രാജ്യത്തെ വോട്ടർമാർ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അങ്ങനെ വന്നാൽ താങ്കളുടെ പാർട്ടിക്ക് എന്തു സംഭവിക്കും? ജൂൺ അഞ്ചിനുശേഷം ബി.ജെ.പി രണ്ടായി പിളരുന്നതു കാണാമെന്നും ഉദ്ദവ് പറഞ്ഞു.
പുതിയ പ്രധാനമന്ത്രി വരുമെന്നു പറയുമ്പോൾ നിങ്ങൾക്കു കാണിക്കാൻ എത്ര മുഖങ്ങളുണ്ടെന്നാണ് മോദി ചോദിക്കുന്നത്. ജൂൺ അഞ്ചിനുശേഷം മോദിയുടെ പാർട്ടിക്കു മുന്നോട്ടുപോകാൻ ഒരു മുഖമുണ്ടാകില്ല. 75 വയസിനുശേഷം രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുമോ എന്ന കാര്യം മോദി വ്യക്തമാക്കണമെന്നും ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.
2014ലും 2019ലും മോദിക്കു വേണ്ടി വോട്ട് ചോദിച്ചതിൽ മാപ്പുചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''2014ലും 2019ലും എൻ.ഡി.എയ്ക്കു വേണ്ടി ഞാൻ വോട്ട് ചോദിച്ചിരുന്നു. അതെന്റെ തെറ്റാണ്. ആ പിഴവിന് ഞാൻ നിങ്ങളോടും മഹാരാഷ്ട്രാ ജനതയോടും മാപ്പുചോദിക്കുകയാണ്.''-അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രക്കാരെ പിന്നിൽനിന്നു കുത്തിയയാളാണ് മോദി. 40ലേറെ എം.പിമാരെ തെരഞ്ഞെടുത്ത് അയയ്ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് എത്തേണ്ട വ്യവസായങ്ങളെ ഗുജറാത്തിലേക്കു തട്ടിയെടുക്കുക മാത്രമല്ല, രണ്ടു സംസ്ഥാനങ്ങളിലെയും കർഷകർക്കിടയിൽ വിവേചനം കാണിക്കുക കൂടി ചെയ്തു മോദി. അതുകൊണ്ടാണ് ഗുജറാത്തിൽനിന്ന് ഉള്ളി കയറ്റുമതി അനുവദിച്ചത്. മഹാവികാസ് അഘാഡിക്കു വേണ്ടി വോട്ട് ചെയ്ത് ഇതിനോടെല്ലാം പ്രതികരിക്കാൻ വോട്ടർമാർ തീരുമാനിച്ചു കഴിഞ്ഞെന്നും ഉദ്ദവ് താക്കറെ കൂട്ടിച്ചേർത്തു.
ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം അരവിന്ദ് കെജ്രിവാൾ ആണ് മോദിയുടെ പ്രായം ഉയർത്തി ആദ്യമായി എൻ.ഡി.എയ്ക്കെതിരെ പുതിയ രാഷ്ട്രീയ നീക്കത്തിനു തുടക്കമിട്ടത്. 2025 സെപ്റ്റംബറിൽ 75 വയസാകുന്നതോടെ മോദി സജീവ രാഷ്ട്രീയത്തിൽനിന്നു പിന്മാറുമെന്നായിരുന്നു കെജ്രിവാളിന്റെ വാദം. ഇതിനുശേഷം മോദിക്കു പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 2014ൽ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ അധികാരസ്ഥാനങ്ങളിൽനിന്നു മാറ്റിനിർത്താനായി മോദി പറഞ്ഞ ന്യായമായിരുന്നു 75 വയസ് എന്ന പ്രായപരിധി.
ബി.ജെ.പി നേതാക്കളുടെ വാദം ശരിയല്ലെങ്കിൽ, എൽ.കെ അദ്വാനിയുടെ വിരമിക്കലിനു പറഞ്ഞ നിയമം തനിക്കു ബാധകമല്ലെന്ന് മോദി വ്യക്തമാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. മോദി സജീവരാഷ്ട്രീയം വിടുമെന്നു വ്യക്തമാണ്. എന്നാൽ, ആരായിരിക്കും അദ്ദേഹത്തിന്റെ പകരക്കാരനെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും കെജ്രിവാൾ പറഞ്ഞു.
75 വയസ് നിയമം മോദിക്ക് ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളെല്ലാം പറയുന്നത്. എന്നാൽ, യോഗിയെ സ്ഥാനത്തുനിന്നു നീക്കില്ലെന്ന് ഒരു നേതാവും പറയുന്നില്ല. അടുത്ത രണ്ടു മാസത്തിനകം യോഗിയെ യു.പി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റുമെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കെജ്രിവാൾ ബി.ജെ.പിക്കെതിരെ രാഷ്ട്രീയശരമെയ്തു.
ഇതിന്റെ അനുരണനങ്ങൾ അധികം വൈകാതെ ബി.ജെ.പി ക്യാംപിലുമുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അമിത് ഷാ തന്നെ വിശദീകരണവുമായി രംഗത്തെത്തി. 2029നുശേഷവും മോദി തന്നെയായിരിക്കും രാജ്യത്തെ നയിക്കുക എന്നായിരുന്നു ഷായുടെ പ്രതികരണം. ബി.ജെ.പിയിൽ ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമില്ലെന്നും എല്ലാം പ്രതിപക്ഷ നേതാക്കൾ പറഞ്ഞുപരത്തുകയാണെന്നുമെല്ലാം അമിത് ഷാ വിശദീകരിക്കുന്ന തരത്തിലേക്കു കെജ്രിവാളിന്റെ രാഷ്ട്രീയ പ്രസ്താവനയ്ക്കു വലിയ കോളിളക്കം സൃഷ്ടിക്കാനായിരുന്നു.
Summary: 'Narendra Modi won't remain PM, BJP will split into 2 after June 4,' Uddhav Thackeray makes big claim