ഇന്ത്യ വളരുമ്പോൾ ലോകവും വളരുമെന്ന് യുഎൻ പൊതുസഭയിൽ നരേന്ദ്രമോദി
|തീവ്രവാദത്തെ ചില രാജ്യങ്ങൾ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യ വളരുമ്പോൾ ലോകവും വളരുമെന്നും ഇന്ത്യയിലെ മാറ്റം ലോകം ഉൾക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎൻ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം 40 കോടി ജനങ്ങളെ ബാങ്കിങ് മേഖലയുമായി ബന്ധിപ്പിച്ചെന്നും മോദി പറഞ്ഞു.
വിവിധ വാക്‌സിൻ നിർമാതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നുവെന്നും എം.ആർ.എൻ.എ വാക്‌സിന്റെ നിർമാണത്തിലാണ് രാജ്യത്തെ ശാസ്ത്രജ്ഞരെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ മണ്ണിൽ തീവ്രവാദം വളരാൻ അനുവദിക്കില്ലെന്നും അവിടുത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി അരമണിക്കൂർ നീണ്ട പ്രസംഗത്തിൽ പറഞ്ഞു.
പാക്കിസ്താനെ പേരെടുത്ത് പറയാതെ ''തീവ്രവാദത്തെ ചില രാജ്യങ്ങൾ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന്'' അദ്ദേഹം വിമർശിച്ചു.
നമ്മുടെ എല്ലാവരുടെയും കൂട്ടായ പ്രയത്‌നം ലോകത്ത് ശാന്തിയും സമാധനവും കൊണ്ടുവരുമെന്നും സമൃദ്ധിയുണ്ടാക്കുമെന്നും മോദി പറഞ്ഞു.