അന്ന് ബാൽ താക്കറെ രക്ഷിച്ചില്ലായിരുന്നെങ്കിൽ മോദി ഇന്നത്തെ നിലയിൽ എത്തുമായിരുന്നില്ല: ഉദ്ധവ് താക്കറെ
|ഗുജറാത്ത് കലാപസമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് മോദിയോട് രാജിവെക്കണമെന്ന സൂചനയോടെ 'രാജധർമ'ത്തെപ്പറ്റി ഓർമിപ്പിച്ചിരുന്നു. അപ്പോൾ രക്ഷിച്ചത് താക്കറെയാണെന്ന് ഉദ്ധവ് പറഞ്ഞു.
മുംബൈ: രാഷ്ട്രീയ ജീവിതത്തിന്റെ നിർണായക ഘട്ടത്തിൽ ശിവസേന സ്ഥാപകൻ ബാൽ താക്കറെ രക്ഷിച്ചതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നത്തെ നിലയിൽ എത്തിയതെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ഗുജറാത്ത് കലാപസമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് മോദിയോട് രാജിവെക്കണമെന്ന സൂചനയോടെ 'രാജധർമ'ത്തെപ്പറ്റി ഓർമിപ്പിച്ചിരുന്നു. അപ്പോൾ രക്ഷിച്ചത് താക്കറെയാണെന്ന് ഉദ്ധവ് പറഞ്ഞു.
''ഞാൻ ബി.ജെ.പിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. പക്ഷേ ഹിന്ദുത്വത്തെ കയ്യൊഴിഞ്ഞിട്ടില്ല. ബി.ജെ.പിയുടേത് ഹിന്ദുത്വമല്ല. പരസ്പരം വെറുക്കുന്നതല്ല ഹിന്ദുത്വം. നമുക്കിടയിലെ ഊഷ്മളതയാണ് ഹിന്ദുത്വം. 25-30 വർഷം ശിവസേന ബി.ജെ.പിയുമായി സൗഹൃദം കാത്തുസൂക്ഷിച്ചു. അവർക്ക് ഇപ്പോൾ ആരെയും വേണ്ട. അകാലിദളിനെ വേണ്ട. ശിവസേനയെ വേണ്ട...''-മുംബൈയിൽ ഉത്തരേന്ത്യക്കാരുടെ സമ്മേളനത്തിൽ ഉദ്ധവ് പറഞ്ഞു.
ബാൽ താക്കറെ ഒരിക്കലും വെറുപ്പ് പ്രചരിപ്പിച്ചിരുന്നില്ലെന്ന് ഉദ്ധവ് പറഞ്ഞു. ഹിന്ദുവെന്നാൽ മറാത്തിയായിരിക്കണമെന്നും ഉത്തരേന്ത്യക്കാരെ വെറുക്കണമെന്നും അർഥമില്ല. തന്റെ അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് 2019ൽ ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് എൻ.സി.പിക്കും കോൺഗ്രസിനും ഒപ്പം ചേർന്ന് മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ചതെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു. ഇല്ലെങ്കിൽ, ഇന്ന് ചിലർ കഴിയുന്നത് പോലെ കഴുത്തിലൊരു ബെൽറ്റുമായി അടിമയായി കഴിയേണ്ടി വന്നേനെയെന്നും ഏക്‌നാഥ് ഷിൻഡെ പക്ഷത്തെ സൂചിപ്പിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞു.