മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്സിന് അനുമതി
|ഭാരത് ബയോടെക്കിന്റെ മൂക്കിൽ ഒഴിക്കുന്ന കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ വഴിയാണ് വിതരണത്തിനെത്തുക
ഡല്‍ഹി: മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകി. ഭാരത് ബയോടെക്കിന്റെ മൂക്കിൽ ഒഴിക്കുന്ന കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ വഴിയാണ് വിതരണത്തിനെത്തുക. നേസല്‍ കോവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് ഡി.സി.ജി.ഐയുടെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് നടപടി. നേസല്‍ വാക്സിന്‍ കോവിന്‍ പോര്‍ട്ടലില്‍ ഉടന്‍ ഉള്‍പ്പെടുത്തും.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായാണ് നേസല്‍ വാക്സിന്‍ നല്‍കുക. ഇതിന് മുന്‍പ് കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ സ്വീകരിക്കാം. ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം വേഗത്തിലാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തെ തുടർന്ന് വാക്സിൻ വീടുകളിൽ എത്തിച്ച് നൽകുന്ന പദ്ധതിക്ക് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തുടക്കം കുറിച്ചു.
വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, കോവോവാക്‌സ്, റഷ്യന്‍ വാക്‌സിനായ സ്പുടിന് 5, ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് എന്നിവയാണ് നിലവില്‍ കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമായിട്ടുള്ളത്.
രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളിൽ നാളെ മുതൽ കോവിഡ് പരിശോധന ആരംഭിക്കും. വിമാനത്താവളങ്ങളിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരെയാണ് പരിശോധിക്കുക.
നിലവിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാജ്യത്തെ തെരഞ്ഞെടുത്ത 19 സർക്കാർ ആശുപത്രികളിൽ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മേൽനോട്ടത്തിൽ ചൊവ്വാഴ്ച മോക്ഡ്രിൽ നടക്കും. കോവിഡ് വ്യാപനം ഉണ്ടായാൽ നേരിടാൻ ആശുപത്രികളിലെ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമതയും കണ്ടെത്താനാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.
Summary- Bharat Biotech's intranasal Covid vaccine has been approved by the Union Health Ministry for inclusion in the vaccination programme as a booster dose for those above 18 years of age