India
Mahatma Gandhi

മഹാത്മാ ഗാന്ധി

India

ഇന്ന് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വാർഷികം

Web Desk
|
30 Jan 2023 1:03 AM GMT

ഡൽഹിയിലെ ബിർല ഹൗസിനടുത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ ഗാന്ധിയെ ഹിന്ദു തീവ്രാദിയായ നാഥുറാം വിനായക് ഗോഡ്സെയാണ് വെടിവെച്ച് കൊന്നത്

ഡല്‍ഹി: ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികം. ഡൽഹിയിലെ ബിർല ഹൗസിനടുത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ ഗാന്ധിയെ ഹിന്ദു തീവ്രാദിയായ നാഥുറാം വിനായക് ഗോഡ്സെയാണ് വെടിവെച്ച് കൊന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വർഗീയകലാപങ്ങൾ ഇല്ലാതാക്കി സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിൽ വാപൃതമായിരിക്കെയാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്.

1948 ജനുവരിയിലെ രണ്ടാമത്തെ ശ്രമത്തിലാണ് ഹിന്ദുത്വ ഭീകരവാദികൾ മഹാത്മാ​ഗാന്ധിയുടെ ജീവനെടുക്കുന്നതിൽ വിജയിച്ചത്. ജനുവരി 20 ന് ​ഡൽഹിയിലെ ബിർലാഹൗസിനടുത്ത് ഒരു പാ‍ർക്കിൽ ​പൊതുപ്രസം​ഗത്തിനിടെ ​ഗാന്ധിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആ‍ർ എസ് എസിലും ഹിന്ദുമഹാസഭയിലും പ്രവ‍‍ർത്തിച്ച നാഥുറാംവിനായക് ​ഗോഡ്സേയുടെ നേതൃത്വത്തിലായിരുന്നു വധശ്രമം. ​ഗാന്ധി സംസാരിക്കുമ്പോൾ ​ഗോഡ്സെയുടെ സം​ഘത്തിലെ ഒരാൾ ഒരു ​ഗ്രനേഡ് ആൾക്കൂട്ടത്തിൽ നിന്ന് ദൂരേക്ക് എറിയുന്നു. സ്ഫോടന ശബ്ദം കേട്ട് ആളുകൾ ചിതറിയോടി. അപ്പോൾ ​ഗാന്ധിയ്ക്ക് നേരെ ​ഗ്രനേഡ് എറിയുക എന്നതായിരുന്നു പദ്ധതി. എന്നാൽ ആ ദൗത്യം ഏ‍ൽപ്പിക്കപ്പെട്ട മദൻലാൽ പഹ്വയ്ക്ക് കൃത്യം ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാം ​ഗ്രനേഡ് എറിയാതെ അയാൾ ഓടിപ്പോയി.

ഈ സംഭവത്തിന് ശേഷം വെറു പത്തു ദിവസത്തിന് ശേഷമാണ് ബി‍ർല ഹൗസിനടുത്ത് തന്നെ പ്രാ‌ർത്ഥനാപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ​ഗാന്ധിയെ നാഥുറാം വിനായക് ​ഗോഡ്സെ വെടിവെച്ചു കൊന്നത്. സർദാ‍ർ വല്ലഭായ് പട്ടേലുമായുള്ള കൂടിക്കാഴ്ച അൽപം നീണ്ടുപോയ ​ഗാന്ധി പ്രാർത്ഥനയ്ക്ക് അൽപം വൈകിയാണ് ഇറങ്ങുന്നത്. സന്തത സഹചാരികളായ മനു ​ഗാന്ധി, ആഭ ​ഗാന്ധി എന്നിവ‍ർക്കൊപ്പമാണ് ​ഗാന്ധി നടന്നു നീങ്ങിയത്. ​200 അടിയായിരുന്നു ​ഗാന്ധിയുടെ അവസാന സഞ്ചാരത്തിന്‍റെ ദൈർഘ്യം . ആൾക്കൂട്ടത്തിൽ നിന്ന് തിക്കിത്തിരക്കി തന്‍റെ മുന്നിലേക്ക് വന്ന ​ഗോഡ്സേയുടെ മുന്നിൽ ആ യാത്ര അവസാനിച്ചു. ​​

ഗാന്ധി ഇപ്പോൾത്തന്നെ വൈകിയിരിക്കുന്നു ദയവായി വഴിമാറൂവെന്ന് പറഞ്ഞ മനു ​ഗാന്ധിയെ ഇടതുകൈകൊണ്ട് തള്ളിമാറ്റിയ ​ഗോഡ്സെ വലതുകൈയിലുണ്ടായിരുന്ന ഇറ്റാലിയൻ ബെരെറ്റ പിസ്റ്റൾ കൊണ്ട് ​ഗാന്ധിയുടെ മാറിലും അടിവയറ്റിലുമായി നിറയൊഴിച്ചു. മൂന്ന് വെടിയുണ്ടകളും ഏറ്റുവാങ്ങുമ്പോഴും ​ഗാന്ധി തൊഴുകൈകളഉമായി നിൽക്കുകായിരുന്നു. രണ്ട് തവണ ദൈവനാമം ഉച്ഛരിച്ച അദ്ദേഹം തറയിലേക്ക് മറി‍ഞ്ഞ് വീണു. ​ഗാന്ധി മരിക്കുമ്പോൾ സമയം പതിനേഴ് മണികഴിഞ്ഞ് പതിനേഴ് മിനിറ്റുകളായിരുന്നു.

Similar Posts