'ഇരയുടെ സുരക്ഷയാണ് പ്രധാനം': മണിപ്പൂർ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ
|സംഭവത്തിൽ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു.
ഡൽഹി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. രണ്ട് മാസം മുമ്പുള്ള വീഡിയോയാണ് പ്രചരിക്കുന്നതെന്നും ഇരകളുടെ സുരക്ഷയും ആരോഗ്യവുമാണ് നിലവിലെ സാഹചര്യത്തിൽ പ്രധാനമെന്നും വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ പ്രതികരിച്ചു.
സംഭവത്തിൽ സുപ്രിംകോടതിയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ നഗ്‌നരായി നടത്തിയത് ജനാധിപത്യ സമൂഹത്തിൽ സാധ്യമാകാത്തതാണെന്നായിരുന്നു കോടതിയുടെ വിമർശനം. പുറത്ത് വന്ന ദൃശ്യങ്ങൾ ദുഃഖകരമാണെന്നും കടുത്ത നടപടികൾ ഉണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ എന്തുനടപടിയെടുത്തെന്ന് വിശദീകരിക്കാനും കോടതി നിർദേശിച്ചു.
മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ എടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു.