ആർട്ടിക്കിൾ 370 ചരിത്രമായി മാറിയെന്ന് അമിത് ഷാ, പുനഃസ്ഥാപിക്കുമെന്ന് നാഷനൽ കോൺഫറൻസും പിഡിപിയും; കശ്മീരിൽ പോർമുഖം തുറന്ന് പാർട്ടികൾ
|ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളാണ് ആർട്ടിക്കിൾ 370ഉം സംസ്ഥാന പദവിയും
പത്ത് വർഷത്തിന് ശേഷം ജമ്മു കശ്മീർ മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. വിവിധ കക്ഷികൾ തമ്മിലെ സഖ്യചർച്ചകളും സീറ്റ് വിഭജനവുമെല്ലാം ഏകദേശം പൂർത്തിയായി. ഇതനുസരിച്ചുള്ള പ്രചാരണവും ചൂടുപിടിച്ചു.
ഇതോടൊപ്പം പരസ്പരമുള്ള പോർവിളികളും സജീവമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന. ഭരണഘടനയിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ഒരിക്കലും തിരിച്ചുവരില്ലെന്ന് അമിത് ഷാ വെള്ളിയാഴ്ച ജമ്മുവിൽ വ്യക്തമാക്കുകയുണ്ടായി. നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയുടെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാൽ, അധികാരത്തിൽ തിരിച്ചെത്തിയാൽ ആർട്ടിക്കിൾ 370ഉം സംസ്ഥാന പദവിയുമെല്ലാം തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്ന വാഗ്ദാനവുമായാണ് പിഡിപിയും നാഷനൽ കോൺഫറൻസും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
2014ലാണ് അവിഭക്ത ജമ്മു കശ്മീർ നിയമസഭയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. 28 സീറ്റുമായി മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി ഏറ്റവും വലിയ കക്ഷിയായി. ബിജെപിക്ക് 25ഉം ജമ്മു കശ്മീർ നാഷനൽ കോൺഫറൻസിന് 15ഉം കോൺഗ്രസിന് 12ഉം സീറ്റാണ് ലഭിച്ചത്. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ബിജെപിയുമായി ചേർന്ന് പിഡിപി അധികാരത്തിലേറി. മഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. എന്നാൽ, ഈ ഭരണം നാല് വർഷം മാത്രമാണ് നീണ്ടത്. 2018ൽ പിഡിപിക്കുള്ള പിന്തുണ ബിജെപി പിൻവലിച്ചു. 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370ഉം സംസ്ഥാന പദവിയും റദ്ദാക്കി. സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് ലഡാക്കും ജമ്മു കശ്മീരും കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റി. കൂടാതെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു.
പഴയ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലഡാക്കിൽ ഇത്തവണ തെരഞ്ഞെടുപ്പില്ല. അവശേഷിച്ച ജമ്മുവിലും കശ്മീരിലും മണ്ഡല പുനർനിർണയം നടത്തിയും ഗോത്രവിഭാഗങ്ങൾക്കും പട്ടികജാതിക്കാർക്കും പുതുതായി സംവരണ മണ്ഡലങ്ങൾ ഉൾപ്പെടുത്തിയും സഹാചര്യങ്ങൾ പരമാവധി തങ്ങൾക്ക് അനുകൂലമാക്കിയിട്ടുണ്ട് ബിജെപി. 90 അംഗ നിയമസഭയിൽ ഒമ്പത് മണ്ഡലങ്ങൾ പട്ടിക വർഗക്കാർക്കും ഏഴ് മണ്ഡലങ്ങൾ പട്ടിക ജാതിക്കാർക്കുമായി നീക്കിവെച്ചിരിക്കുകയാണ്.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമോ?
2024 സെപ്റ്റംബർ 30ന് മുമ്പ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി കഴിഞ്ഞവർഷം ഉത്തരവിട്ടിരുന്നു. സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് 16ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സീറ്റ് വിഭജനവും തെരഞ്ഞെടുപ്പ് പ്രചാരണവുമെല്ലാം വിവിധ കക്ഷികൾ സജീവമാക്കി.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370, സംസ്ഥാന പദവി നൽകുന്ന 35 എ എന്നിവ പുനഃസ്ഥാപിക്കുമെന്നാണ് മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാന വാഗ്ദാനം. 2019ലെ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ആർട്ടിക്കിൾ 370, 35 എ അസാധുവാക്കൽ കശ്മീർ പ്രശ്നം കൂടുതൽ സങ്കീർണമാക്കിയെന്നും പ്രദേശത്തെ ജനങ്ങളുടെ അന്യവൽക്കരണം കൂടുതൽ ആഴത്തിലാക്കിയെന്നും പിഡിപിയുടെ പ്രകടനപത്രികയിൽ പറയുന്നു.
ആർട്ടിക്കിൾ 370ഉം സംസ്ഥാന പദവിയും പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നത് തന്നെയാണ് നാഷനൽ കോൺഫറൻസിന്റെ പ്രകടന പത്രികയിലെയും പ്രധാന വാഗ്ദാനം. സംസ്ഥാന പദവിയും ആർട്ടിക്കിൾ 370ഉം എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനത്തിനെതിരെ ആദ്യ സമ്മേളനത്തിൽ തന്നെ പ്രമേയം കൊണ്ടുവരുമെന്ന് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല പ്രഖ്യാപിക്കുകയും ചെയ്തു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഉറപ്പാക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്. കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങളും അന്തസും ബിജെപി കവർന്നെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ആർട്ടിക്കിൾ 370നെ സംബന്ധിച്ച് രാഹുൽ ഗാന്ധി മൗനം പാലിച്ചു.
കോൺഗ്രസും നാഷനൽ കോൺഫറൻസും ഒരുമിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 51 സീറ്റിൽ നാഷനൽ കോൺഫറൻസും 32 സീറ്റിൽ കോൺഗ്രസും മത്സരിക്കാനാണ് ധാരണ. അഞ്ച് സീറ്റുകളില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരമാണ്. സിപിഎമ്മും പാന്തേഴ്സ് പാർട്ടിയും ഓരോ വീതം സീറ്റുകളിൽ മത്സരിക്കും. 1987ന് ശേഷം ആദ്യമായാണ് നാഷനൽ കോൺഫറൻസും കോൺഗ്രസും ഒരുമിച്ച് മത്സരിക്കുന്നത്.
ആർട്ടിക്കിൾ 370 തിരിച്ചുവരില്ലെന്ന് അമിത് ഷാ
അതേസമയം, ആർട്ടിക്കിൾ 370 ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 ചരിത്രമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷം നീണ്ട കാലഘട്ടം രാജ്യത്തിന്റെയും ജമ്മു കശ്മീരിന്റെയും ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തും. മികച്ച ഭരണം തുടരാൻ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്നും അദ്ദേഹം വോട്ടർമാരോട് പറഞ്ഞു
ആർട്ടിക്കിൾ 370 ഇനി ഭരണഘടനയുടെ ഭാഗമല്ല. ഈ ആർട്ടിക്കിൾ യുവാക്കളുടെ കൈകളിൽ ആയുധങ്ങളും കല്ലുകളും മാത്രമാണ് നൽകിയത്. തീവ്രവാദത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ അവർക്ക് സൗകര്യമൊരുക്കുകയും ചെയ്തു. ഫലം എന്തുതന്നെ ആയാലും ഗുജ്ജറുകൾക്കും ബക്കർവാളുകൾക്കും പഹാഡികൾക്കും അനുവദിച്ച സംവരണത്തിൽ നിങ്ങളെ തൊടാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് ഉമർ അബ്ദുല്ലയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ജമ്മു കശ്മീരിൽനിന്ന് തീവ്രവാദത്തെ പൂർണമായും തുടച്ചുനീക്കും. ജമ്മു കശ്മീരിലെ തീവ്രവാദത്തിന്റെ ആവിർഭാവത്തിൽ ഉൾപ്പെട്ടവരെ സംബന്ധിച്ച് ധവളപത്രം പറുത്തിറക്കും. പ്രദേശത്തിന്റെ വികസനം ഉറപ്പാക്കാൻ ഞങ്ങൾക്ക് അഞ്ച് വർഷം നൽകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
അതേസമയം, ജമ്മു കശ്മീർ ബിജെപിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ പാർട്ടിക്ക് വലിയ തലവേദനയാകുന്നുണ്ട്. സ്ഥാനാർഥികളെ തെരഞ്ഞെടുത്തതിൽ വലിയ അതൃപ്തിയാണ് പുകയുന്നത്. സ്ഥാനാർഥിത്വത്തെ ചൊല്ലി ജില്ലാ പ്രസിഡന്റടക്കമുള്ള നേതാക്കൾ ബിജെപി വിട്ടത് തെരഞ്ഞെടുപ്പിൽ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.