'കശ്മീർ വിഭജനകാലത്ത് പുറംതിരിഞ്ഞ് നിന്നു': പ്രതിപക്ഷ കൂട്ടായ്മയിൽ പങ്കെടുക്കില്ലെന്ന് നാഷണൽ കോൺഫറന്‍സ്
|പ്രതിസന്ധി ഘട്ടത്തിൽ ഒരു കൈ സഹായിക്കാത്തവരുടെ ഒപ്പം എന്തിനു പോകണമെന്നാണ് ഒമർ അബ്ദുള്ളയുടെ ചോദ്യം
പട്ന: പട്നയിൽ നടക്കുന്ന പ്രതിപക്ഷ കൂട്ടായ്മയിൽ യു.പി.എ ഘടക കക്ഷിയായ നാഷണൽ കോൺഫറൻസ് പങ്കെടുക്കില്ല . ബി.എസ്.പിക്ക് പിന്നാലെ യാണ് കൂട്ടായ്മയെ ചോദ്യം ചെയ്ത നാഷണൽ കോൺഫറൻസും രംഗത്ത് എത്തിയത്. 2019 -ൽ കശ്മീരിനെ മൂന്നായി വിഭജിച്ച സമയത്ത് പ്രതിപക്ഷ പാർട്ടികൾ പുറംതിരിഞ്ഞ് നിന്നു എന്നാണ് ഒമറിന്റെ ആരോപണം.പാർലമെന്റിലും സഹായിക്കുന്ന നിലപാടല്ല സ്വീകരിച്ചത്.
തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ഇടത് പാര്‍ട്ടികൾ എന്നിവർ മാത്രമാണ് നാഷണൽ കോൺഫറന്‍സ് ഉയർത്തിയ പ്രശ്നങ്ങൾ ചെവികൊണ്ടത്. ആം ആദ്മി പാർട്ടിയെ പേരെടുത്തത് ഒമർ അബ്ദുള്ള കുറ്റപ്പെടുത്തുന്നുണ്ട്. കേന്ദ്ര ഓർഡിനസിനെതിരെ ഇപ്പോൾ അരവിന്ദ് കെജ്‌രിവാൾ പിന്തുണ ചോദിച്ചിട്ടണ്ട് . പ്രതിസന്ധി ഘട്ടത്തിൽ ഒരു കൈ സഹായിക്കാത്തവരുടെ ഒപ്പം എന്തിനു പോകണമെന്നാണ് ഒമർ അബ്ദുള്ളയുടെ ചോദ്യം.
നാല് ലോക്സഭാ സീറ്റ് മാത്രമാണ് കശ്മീരിൽ ഉള്ളത്. ഈ സീറ്റുകളിൽ ബി.ജെ.പിയെ നേരിടാൻ അറിയാമെന്നും നാഷണല്‍ കോൺഫറന്‍സ് വ്യക്തമാക്കുന്നു . ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുൻകൈയെടുത്ത് 23 നാണ് പട്നയിൽ യോഗം വിളിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുന ഖാർഗെ, രാഹുൽഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുടെ സൗകര്യം കൂടി പരിഗണിച്ചാണ് 11 നിന്നും 23 ലേക്ക് യോഗം മാറ്റിവെച്ചത്. കോൺഗ്രസ് നേതാക്കളെകൊണ്ട് ഒമര്‍ അബ്‌ദുള്ളയെ വിളിപ്പിച്ചു പ്രശ്നം പരിഹരിക്കാമെന്നാണ് നിതീഷ് കുമാറിന്റെ കണക്കുകൂട്ടൽ.