'മോശം ഭരണം, വീഴ്ച ആവർത്തിച്ചാൽ 500 കോടി പിഴ ഈടാക്കും'; ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ ദേശീയ ഹരിത ട്രിബ്യൂണൽ
|ബ്രഹ്മപുരത്തെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങൾ നിയന്ത്രണ വിധേയമായെന്നും സംസ്ഥാന സർക്കാർ
ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ തീപിടിത്തവും അതിനോടനുബന്ധിച്ചുണ്ടായ സാമൂഹ്യപ്രത്യാഘാതങ്ങളിലും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രിബ്യൂണൽ. സംസ്ഥാന സർക്കാർ മോശം ഭരണമാണ് കാഴ്ചവെക്കുന്നതെന്നും ബ്രഹ്മപുരത്തുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും ദേശീയ ഹരിത ട്രിബ്യുണൽ ചൂണ്ടിക്കാട്ടി. വീഴ്ച ആവർത്തിച്ചാൽ 500 കോടി പിഴ ഈടാക്കുമെന്നും സർക്കാറിന് ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം.
ബ്രഹ്മപുരം തീപിടിത്തത്തിൽ മാർച്ച് ആറിന് ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് സംസ്ഥാന സർക്കാരിനെതിരെ ഹരിത ട്രിബ്യുണൽ വിമർശനമുന്നയിച്ചത്. ബ്രഹ്മപുരത്തെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങൾ നിയന്ത്രണ വിധേയമായെന്നും സംസ്ഥാന സർക്കാർ ട്രിബ്യൂണലിനെ അറിയിച്ചു. ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് ദേശീയ ഹരിത ട്രിബ്യുണലിന്റെ രൂക്ഷ വിമർശനം.