India
കോണ്‍ഗ്രസിന് വീണ്ടും തലവേദനയായി നാഷണല്‍ ഹെറാള്‍ഡ് കേസ്
India

കോണ്‍ഗ്രസിന് വീണ്ടും തലവേദനയായി നാഷണല്‍ ഹെറാള്‍ഡ് കേസ്

Web Desk
|
13 Jun 2022 1:09 AM GMT

2012ല്‍ സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയിൽ വിചാരണ പുരോഗമിക്കവെയാണ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി വീണ്ടും നോട്ടീസ് നൽകിയത്.

ഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസിന് തലവേദനയാവുകയാണ്. 2012ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയിൽ ഡൽഹി കോടതിയിൽ വിചാരണ പുരോഗമിക്കവെയാണ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി വീണ്ടും നോട്ടീസ് നൽകുന്നത്. ഇ.ഡി നടപടിയെ നിയമപരമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ 2010ലാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ കമ്പനി ഏറ്റെടുക്കുന്നത്. 2000 കോടിയലധികം രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ ഏറ്റെടുക്കാന്‍ യങ് ഇന്ത്യ ചെലവാക്കിയത് 50 ലക്ഷം രൂപ മാത്രമാണ്. ഇതാണ് പരാതിയുടെ അടിസ്ഥാനം. എ.ജെ.എൽ യങ് ഇന്ത്യ ഏറ്റെടുത്തതിൽ അഴിമതിയും ക്രമക്കേടുമുണ്ടെന്നാരോപിച്ച് 2012ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഡല്‍ഹി കോടതിയില്‍ പരാതി നൽകുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മകൻ രാഹുൽ ഗാന്ധി, മോത്തിലാൽ വോറ, സാം പിത്രോദ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ എന്നിവർക്കെതിരെയാണ് കേസ് . വിശ്വാസ ലംഘനം, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കേസില്‍ സോണിയയും രാഹുലും ഉള്‍പ്പെടെ 2015ല്‍ ജാമ്യം നേടിയിരുന്നു.

സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയില്‍ പട്യാല ഹൗസ് കോടതിയില്‍ നിയമ നടപടി ആരംഭിച്ചപ്പോഴാണ് കേസിലെ കള്ളപ്പണം, നികുതി വെട്ടിപ്പ് തുടങ്ങിയ സാധ്യതകളിന്മേല്‍ ഇ.ഡിയും ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിക്കുന്നത്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്‍റെ ഓഹരികള്‍ ഏറ്റെടുത്തതിലൂടെ യങ് ഇന്ത്യ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിച്ച പ്രധാന കാര്യം. യങ് ഇന്ത്യ വഴി ഗാന്ധി കുടുംബം വ്യക്തിപരമായി സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കും. ചോദ്യംചെയ്യലിന് ശേഷമായിരിക്കും ഇക്കാര്യത്തിലുള്ള ഇ.ഡി നീക്കങ്ങൾ. വർഷങ്ങളായി നടക്കുന്ന അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും രാഷ്ട്രീയ പകപോക്കലാണെന്നുമാണ് കോണ്‍ഗ്രസ് ആരോപണം.

Similar Posts