India
റെയ്ഡിനൊടുവിൽ നാഷണൽ ഹെറാൾഡ് ഓഫീസ് ഇ.ഡി സീൽ ചെയ്തു
India

റെയ്ഡിനൊടുവിൽ നാഷണൽ ഹെറാൾഡ് ഓഫീസ് ഇ.ഡി സീൽ ചെയ്തു

ഇജാസ് ബി.പി
|
3 Aug 2022 12:23 PM GMT

സ്ഥാപനവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഓഫീസ് ഇ.ഡി സീൽ ചെയ്തു. സ്ഥാപനവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഹെറാൾഡ് ഹൗസിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെറാൾഡ് ഓഫീസ് മാത്രമാണ് സീൽചെയ്തിരിക്കുന്നത്. തൊട്ടടുത്തുള്ള ഇതര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മുൻകൂർ അനുമതിയില്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്നില്ലെന്ന് ഇ.ഡി അറിയിച്ചിരിക്കുകയാണ്. അതേസമയം, എഐസിസി ആസ്ഥാനത്ത് പൊലീസ് സുരക്ഷാ ശക്തമാക്കി.



നാഷണൽ ഹെറാൾഡിന്റെ വിവിധ ഓഫീസുകളിൽ ഇ.ഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. ഡൽഹിയില്‍ 12 ഇടങ്ങളില്‍ പരിശോധന നടന്നതായാണ് റിപ്പോര്‍ട്ട്. ഹെറാള്‍ഡ് ഹൗസിന്റെ നാലാം നിലയിലുള്ള ഓഫീസില്‍ രാവിലെ പത്ത് മുതലാണ് പരിശോധന ആരംഭിച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മൂന്ന് ദിവസം കൊണ്ട് 12 മണിക്കൂറിലേറെയാണ് ഇ.ഡി ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. ഇരുവരും നല്‍കിയ ഉത്തരങ്ങള്‍ സമാനമാണോ എന്നാണ് ഇ.ഡി പരിശോധിച്ചിരുന്നത്.



നേരത്തെ കേസുമായി ബന്ധപ്പെട്ട് 50 മണിക്കൂറിൽ അധികം രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് പത്രമായ നാഷണൽ ഹെറാൾഡിനെ യങ് ഇന്ത് കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഹവാല കള്ളപ്പണ ഇടപാടുകൾ നടന്നു എന്നാണ് പ്രധാന ആരോപണം.


National Herald Office Sealed by ED

Similar Posts