എസ്.പിയുടെ പ്രശ്നം പരിഹരിക്കാൻ നീക്കവുമായി കോൺഗ്രസ് ദേശീയ നേതൃത്വം
|സ്ഥാനാർഥി പാർട്ടികയുടെ പേരിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം രാത്രിയും തുടർന്നു
ഡൽഹി: മധ്യപ്രദേശിൽ സമാജ് വാദി പാർട്ടിയുമായുള്ള പ്രശ്നപരിഹാരത്തിനായി കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെടുന്നു. സീറ്റുകൾ സമാജ് വാദി പാർട്ടിക്ക് മാറ്റി വയ്ക്കാതെ ഏകപക്ഷീയമായി മുന്നോട്ട് പോകുന്നതിൽ ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹൈക്കമാന്റ് ഇടപെടൽ. ഇൻഡ്യ സഖ്യത്തിൽ നിന്ന് എസ്.പി പിന്നാക്കം പോകുന്നതായി സൂചന ലഭിച്ചത്തോടെയാണ് ഇടപെടൽ.
മധ്യപ്രദേശിലെ ശക്തി തിരിച്ചറിഞ്ഞു സമാജ്വാദി പാർട്ടി വഴങ്ങണം എന്ന് യു.പി പി.സി.സി അധ്യക്ഷൻ അജയ് റായി പറഞ്ഞതാണ് അഖിലേഷ് യാദവിനെ ചൊടിപ്പിച്ചത്. സീറ്റ് നൽകുമെന്ന ധാരണയിലാണ് ചർച്ചയ്ക്ക് നേതാക്കളെ അയച്ചെന്നും ഇങ്ങനെ കോൺഗ്രസ് അവഗണിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സീറ്റ് ധാരണയ്ക്ക് നിൽക്കില്ലായിരുന്നു എന്നും എസ്.പി വ്യക്തമാക്കി.
മധ്യപ്രദേശിലെ അവഗണനയ്ക്ക് ഉത്തർപ്രദേശിൽ പകരം ചോദിക്കുമെന്ന് അറിയിച്ചതോടെയാണ് നിലപാടിൽ മാറ്റം വരുത്തിയത്. ഏതൊക്കെ സീറ്റ് ആണെന്ന കാര്യത്തിൽ മാത്രമാണ് അഭിപ്രായവ്യത്യാസമെന്നും അവർ ആവശ്യപ്പെടുന്ന ചില സീറ്റുകൾ കൊടുക്കുന്നതിൽ കോൺഗ്രസുകാരെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല എന്നുമാണ് മുൻ മുഖ്യമന്ത്രി കമൽ നാഥിന്റെ നിലപാട്.
സ്ഥാനാർഥി പാർട്ടികയുടെ പേരിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം രാത്രിയും തുടർന്നു. രാജസ്ഥാനിൽ കോൺഗ്രസിലുള്ളതിനേക്കാൾ പലമടങ്ങ് വലിയ പ്രതിഷേധമാണ് ബിജെപിയിൽ. എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത് തിരിച്ചടിയാകും എന്ന കണക്ക് കൂട്ടലിലാണ് സംസ്ഥാന നേതൃതൃത്വങ്ങൾ.