ദേശീയ പണിമുടക്ക്: ഉത്തരേന്ത്യയിൽ സമ്മിശ്ര പ്രതികരണം, കേരളത്തിൽ പലയിടത്തും അക്രമം
|ഡൽഹി, മുംബൈ, ബംഗളൂരു നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല
ദേശീയ പണിമുടക്കിനോട് ഉത്തരേന്ത്യയിൽ സമ്മിശ്ര പ്രതികരണം. അവശ്യസർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. അതേസമയം ദേശീയ പണിമുടക്കിന്റെ പശ്ചാതലത്തിൽ കേരളത്തിൽ പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാങ്ക് ജീവനക്കാർ കൂട്ടത്തോടെ സമരത്തിൽ പങ്കെടുത്തതും എൽ.ഐ.സി ജീവനക്കാരുടെ പ്രതിഷേധവുമാണ് പണിമുടക്കിനെ രാജ്യതലസ്ഥാനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.ഇന്ധന വിലക്കയറ്റവും ദേശീയ പണിമുടക്കും പാർലമെന്റ് നടപടിക്രമങ്ങൾ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്-ഇടതുപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയമായി വിഷയം ചർച്ച ചെയ്യാതിരുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ എംപിമാർ വാക്ക്ഔട്ട് നടത്തി. ഡൽഹി കേരള ഹൗസ് ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു.
ബംഗാളിലെ ജാദവ് പൂരിൽ തൊഴിലാളിയൂണിയനുകൾ ട്രെയിൻ തടഞ്ഞു. ഹൗറയിലെ ഫാക്ടറികളിൽ പണിമുടക്കി. എൽ.ഐ.സി യുടെ മുന്നിലാണ് ഡൽഹി നഗരത്തിൽ ഏറ്റവും കൂടുതൽ പേര് സമരത്തിൽ പങ്കെടുത്തത്. സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിന്റെ ഭാഗമായതിനാൽ പഞ്ചാബ്,ഹരിയാന യുപി എന്നീ സംസ്ഥാനങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തി. മഹാരാഷ്ട്രയിൽ ധർണകളും വിജയവാഡയിൽ റാലിയും ട്രേഡ് യൂണിയനുകൾ സംഘടിപ്പിച്ചു.
ഡൽഹി, മുംബൈ, ബംഗളൂരു നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ചെന്നൈയിൽ ബസ് ഗതാഗതത്തെ ബാധിച്ചു. രാജസ്ഥാൻ, കർണാടക, പശ്ചിമ ബംഗാൾ, ഡൽഹി, അസം, തെലങ്കാന, ഹരിയാന, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ഗോവ, ഒഡീഷ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളിൽ സമരം ബാധിച്ചെങ്കിലും പൊതുജന ജീവിതം സാധാരണ പോലെ തുടർന്നു.
കേരളം
പണിമുടക്ക് ദിനത്തിൽ സമാരാനുകൂലികൾ പലയിടത്തും അക്രമം അഴിച്ചു വിട്ടതായി പരാതി. നിരത്തിലിറങ്ങിയ വാഹനങ്ങൾ പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. വാഹനങ്ങൾ നിരത്തിലിറക്കിയതും ജോലിക്കെത്തിയതുമാണ് അക്രമത്തിനു കാരണമായത്.
കോഴിക്കോട് ഓട്ടോറിക്ഷയുടെ ചില്ല് സമരക്കാർ തകർത്തു. കൊച്ചി അമ്പലമുകൾ റിഫൈനറിയിലും, പാലക്കാട് കഞ്ചിക്കോടും ജോലിക്കെത്തിയവരെ സമരക്കാർ തിരിച്ചയച്ചു. കോഴിക്കോട് ഓട്ടോറിക്ഷകൾ തടഞ്ഞ സമരാനുകൂലികൾ, ടയറിന്റെ കാറ്റഴിച്ചു വിട്ടു. അശോകപുരത്ത് കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ സമരക്കാർ അടിച്ചു തകർത്തു. കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികൾ മർദിച്ചു.പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെയാണ് മർദിച്ചത്. തിരുവനന്തപുരം മംഗലപുരത്ത് സമരാനുകൂലികൾ അടപ്പിച്ച പെട്രോൾ പമ്പ് ഡി വൈ എഫ് ഐ പ്രവർത്തകർ തുറപ്പിച്ചു. പമ്പ് തുറന്നതറിഞ്ഞ് സമരാനുകൂലികൾ വീണ്ടുമെത്തി കല്ലെറിയുകയായിരുന്നു.
മുക്കം നോർത്തിൽ നിർബന്ധിച്ചു പമ്പ് അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരിയുടെ മുഖത്തു നായ്കുരണ പൊടി വിതറിയതായും പരാതിയുണ്ട്. തിരൂരിൽ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ഓട്ടോ ഡ്രൈവറെ മർദിച്ചു. തിരൂർ സ്വദേശി യാസിറിനാണ് മർദനമേറ്റത് തിരുവനന്തപുരം കാട്ടാക്കടയിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെ റോഡിൽ കസേരകൾ നിരത്തി സമരക്കാർ തടഞ്ഞു. പണിമുടക്കിൽ പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖല പൂർണ്ണമായും സ്തംഭിച്ചു . കിൻഫ്രയിലേക്ക് ജോലിക്കായി എത്തിയ തൊഴിലാളികളെ സമരക്കാർ തിരിച്ചയച്ചു. ബിപിസിഎല്ലിൽ ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞെങ്കിലും, പൊലീസ് ഇടപെട്ട് ജോലിക്ക് കയറ്റി. എറണാകുളം പള്ളിക്കരയിൽ പോലീസ് സംരക്ഷണത്തിൽ കടകൾ തുറന്ന വ്യാപാരികൾക്കെതിരെ സമരക്കാർ പ്രതിഷേധ പ്രകടനം നടത്തി.
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ഇന്ന് ആകെ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേർ മാത്രമാണ്. സെക്രട്ടറിയേറ്റിൽ 4,828 ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലേയും പ്രവർത്തനവും സമാന നിലയിലായിരുന്നു. ഇതിനിടെ സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അത് വിലക്കി കൊണ്ട് ഉത്തരവിടണമെന്നും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
തമിഴ്നാട്
തമിഴ്നാട്ടിൽ പണിമുടക്ക് ബസ് സർവീസുകളെയാണ് കാര്യമായി ബാധിച്ചത്. വിദ്യാർഥികളും ഓഫീസ് ജീവനക്കാരും സാധാരണക്കാരും ബസ് സ്റ്റാൻഡുകളിൽ രാവിലെ കുടുങ്ങി. തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 33 ശതമാനം ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.ബസുകളുടെ സർവീസുകൾ മുടങ്ങിയതാണ് ചെന്നൈ നഗരത്തെ പണിമുടക്കിൽ കാര്യമായി ബാധിച്ചത്. കട കമ്പോളങ്ങൾ തുറന്ന് പ്രവർത്തിച്ചിരുന്നു.
ഡൽഹി
പണിമുടക്ക് ഡൽഹിയിൽ ബാങ്കുകളുടെ പ്രവർത്തനത്തെ മാത്രമാണ് ബാധിച്ചത്. രാജ്യ തലസ്ഥാനത്തെ പൊതുമേഖല ബാങ്കുകൾ മിക്കതും അടഞ്ഞു കിടന്നു. ഗതാഗതവും കട കമ്പോളങ്ങളും സാധാരണ പോലെ പ്രവർത്തിച്ചു.
പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിൽ വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ റെയിൽ, റോഡ് ഉപരോധം നടത്തി. ജാദവ്പുർ, ദം ദം, ബറസാത്ത്, ശ്യാംനഗർ, ബെൽഗാരിയ, ജോയ്നഗർ, ദോംജൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇടതുപാർട്ടി പ്രവർത്തകർ റെയിൽവേ ട്രാക്കുകളിൽ പ്രതിഷേധം നടത്തി. കൊൽക്കത്തയിലെ ഗോൾപാർക്ക്, ലേക്ക് ടൗൺ, ബാഗിഹാട്ടി, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ റോഡ് ഉപരോധം ഏർപ്പെടുത്തി. ജാദവ്പൂരിൽ സമരാനുകൂലികളും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. വിവിധിയിടങ്ങളിൽ മാർച്ചും നടത്തി. സംസ്ഥാനത്തിന്റെ മറ്റു ചിലയിടങ്ങളിലും റോഡ് ഉപരോധങ്ങൾ നടത്തി. റെയിൽവേ ട്രാക്കിലെ പ്രതിഷേധങ്ങളെ തുടർന്ന് കുറച്ച് സമയം റെയിൽവേ ഗതാഗതം തടസ്സപ്പെട്ടു.സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ നിർബന്ധമായും ഹാജരാകണമെന്നും ബംഗാൾ സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. പണിമുടക്ക് നടക്കുന്ന ദിവസങ്ങളിൽ കാഷ്വൽ ലീവ് അനുവദിച്ചിട്ടില്ല. ജീവനക്കാർ ഹാജരായില്ലെങ്കിൽ ഡയസ്നോൺ ബാധമാകുമെന്നാണ് ബംഗാൾ സർക്കാർ അറിയിച്ചിട്ടുള്ളത്. പണിമുടക്കിന്റെ ആദ്യ ദിവസം സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടില്ല.
കർണാടക
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. എന്നാൽ പൊതുജന ജീവിതത്തെ പണിമുടക്ക് ബാധിച്ചില്ല. എസ്എസ്എൽസി പരീക്ഷ ഇന്നാണ് ആരംഭിച്ചത്. കുട്ടികൾക്ക് സാധാരണ പോലെ തന്നെ സ്കൂളുകളിലേക്ക് പോകാനായി. എന്നാൽ ബാങ്കുകളുടെ പ്രവർത്തനം ഭാഗികമായിരുന്നു.