സിവിക് ചന്ദ്രൻ കേസ്: കോടതി പരാമർശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ
|കോഴിക്കോട് സെഷൻസ് കോടതി നിരീക്ഷണങ്ങൾക്കെതിരെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ രംഗത്തെത്തിയത്.
ന്യൂഡൽഹി: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ. കോഴിക്കോട് സെഷൻസ് കോടതി നിരീക്ഷണങ്ങൾക്കെതിരെയാണ് വനിതാ കമ്മീഷൻ രംഗത്തെത്തിയത്.
ഉത്തരവ് ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം കോടതി പരിഗണിച്ചില്ലെന്ന് അധ്യക്ഷ രേഖ ശർമ ട്വീറ്റിൽ വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തൽ നിർഭാഗ്യകരമെന്നും വനിതാ കമ്മീഷൻ തുറന്നടിച്ചു.
കോടതിയുടെ പരാമർശങ്ങൾക്കെതിരെ ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിന്‍റെ വിധിയിലെ പരാമർശങ്ങൾക്കെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയതിനെതിരെയും പരാതിക്കാരി അപ്പീല്‍ നല്‍കും.
പരാതിക്കാരിയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്നതാണ് എന്നായിരുന്നു കോടതി പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ ലൈംഗിക പീഡനപരാതിയിലുള്ള മുന്‍കൂര്‍ ജാമ്യവിധിയിലാണ് വിവാദ പരാമര്‍ശങ്ങള്‍.
പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണ് ധരിച്ചതെന്ന് പ്രതിഭാഗം സമര്‍പ്പിച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ പ്രഥമദൃഷ്ട്യാ 354 എ വകുപ്പായ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവ്. 74കാരനായ പ്രതിക്ക് പരാതിക്കാരിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനാകുമെന്ന് വിശ്വസിക്കില്ലെന്നും വിധിയിൽ പരാമർശമുണ്ട്.
2020ന് നന്തിയില്‍ നടന്ന കവിത ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കൊയിലാണ്ടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു പരാതിയില്‍ നേരത്തെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ ഫോട്ടയടക്കം പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ച വാദങ്ങളെ അതേ പോലെ ശരിവയ്ക്കുന്നതാണ് കോടതി വിധി.