'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': പഠിച്ച ശേഷം ബിജെഡി നിലപാട് വ്യക്തമാക്കും- നവീൻ പട്‌നായിക്
|ബിജെപി സർക്കാർ ഒഡീഷയുടെ ക്രമസമാധാന നില അപകടത്തിലാക്കിയെന്നും വിമർശനം
ഡൽഹി: നിലപാട് തീരുമാനിക്കുന്നതിന് മുമ്പ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പി'ൽ സമഗ്രമായ പഠനം നടത്തുമെന്ന് ഒഡീഷ മുൻ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായി നവീൻ പട്‌നായിക്. ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് സംഘടിപ്പിച്ച 12-ാമത് ഒഡീഷ സാഹിത്യോത്സവത്തിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. "വിശദാംശങ്ങൾ പുറത്തുവരട്ടെ; ഞങ്ങൾ അവ പഠിച്ച് ഒരു നിലപാട് എടുക്കും," പട്‌നായിക് പറഞ്ഞു.
ഗവർണർ രഘുബർ ദാസിൻ്റെ മകനെതിരായ ആരോപണങ്ങളും സൈനിക ഉദ്യോഗസ്ഥനെയും പ്രതിശ്രുത വധുവിനെയും പൊലീസ് സ്റ്റേഷനൽ വെച്ച് ഉപദ്രവിച്ച സംഭവവും ചൂണ്ടിക്കാണിച്ച് അദ്ദേഹം സംസ്ഥാനത്തെ ബിജെപി സർക്കാറിനെ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില അപകടത്തിലായെന്ന് അദ്ദേഹം ആരോപിച്ചു. സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നവീൻ പട്നായക് ആവശ്യപ്പെട്ടു.
അതേസമയം വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രായോഗികമാവില്ല എന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇപ്പോൾ ഉള്ള പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാറിന്റെ നീക്കമെന്നും ഇത് നടപ്പാക്കാൻ പോകുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി നേരത്തെ എതിർപ്പ് അറിയിച്ചതാണെന്നും ധൃതി പിടിച്ചെടുക്കേണ്ട തീരുമാനമല്ല ഇതെന്നും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. എത്ര സംസ്ഥാനങ്ങളിലെ സർക്കാരുകളെ പിരിച്ച് വിടും?. ഒരു രാഷ്ട്രീയ പാർട്ടികളോടും ആലോചിക്കാതെ സമിതി റിപ്പോർട്ട് പരിഗണിച്ച് മുന്നോട്ടു പോകുന്നത് എങ്ങിനെ? അദ്ദേഹം ചോദിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാൻ പറ്റാത്ത പദ്ധതിയെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ അഭിപ്രായം. നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടപ്പാക്കാൻ കഴിയാത്തവരാണ് ഇതിനെപ്പറ്റി സംസാരിക്കുന്നതെന്നും പുതിയതായി രൂപീകരിച്ച സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രസർക്കാർ നീക്കമെന്നും ടിഎംസി ആരോപിച്ചു.