രണ്ടരപ്പതിറ്റാണ്ടിന്റെ ഭരണത്തിന് അന്ത്യം; ഒഡിഷ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നവീൻ പട്നായിക്
|നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെഡി 51 സീറ്റുകൾ മാത്രമാണ് നേടിയത്.
ഭുബനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒഡിഷയിൽ ബിജെഡി വൻ പരാജയം നേരിട്ടതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നവീൻ പട്നായിക്. രണ്ടര പതിറ്റാണ്ടു നീണ്ട ഭരണം അവസാനിപ്പിച്ചാണ് ബിജു ജനതാദൾ അധ്യക്ഷൻ കൂടിയായ പട്നായിക് പടിയിറങ്ങുന്നത്. രാജിക്കത്ത് രാജ്ഭവനിലെത്തി ഗവർണർ രഘുബാർ ദാസിന് കൈമാറി.
രാജിക്കത്ത് നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ പട്നായിക് തയാറായില്ല. സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിച്ച ബിജെഡി 147 അംഗ നിയമസഭയിൽ 51 സീറ്റുകൾ മാത്രമാണ് നേടിയത്. 78 സീറ്റുകൾ നേടി ബിജെപിയാണ് അധികാരത്തിലെത്തിയത്. 14 സീറ്റുകൾ കോൺഗ്രസും മൂന്നു സീറ്റുകൾ സ്വതന്ത്രരും സിപിഎം ഒരു സീറ്റും നേടി.
ബിജെപിയുമായി സഖ്യചർച്ചകൾ നടന്നിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല. ഇതോടെ ബിജെഡി ഒറ്റയ്ക്ക് തന്നെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. സഖ്യമില്ലെന്ന് ഒഡീഷ ബിജെപി അധ്യക്ഷൻ മൻമോഹൻ സമാൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെഡിയും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ 24 വർഷം നീണ്ട ഭരണത്തിന് തടയിടുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
2000 മാർച്ച് അഞ്ചിനാണ് ആദ്യമായി ഒഡീഷ മുഖ്യമന്ത്രിയായി നവീൻ പട്നായിക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പിന്നീട് ഇതുവരെ തിരിഞ്ഞുനോക്കേണ്ടിവന്നിരുന്നില്ല. എന്നാൽ ഇത്തവണ തിരിച്ചടിയേൽക്കുകയായിരുന്നു.
സീറ്റുകളെ ചൊല്ലിയുള്ള തർക്കമാണ് ഇരു പാര്‍ട്ടികളെയും അകറ്റിയത്. ഭുബനേശ്വർ, പുരി ലോക്സഭാ മണ്ഡലങ്ങളെ ചൊല്ലിയാണ് ബിജെപി-ബിജെഡി പാര്‍ട്ടികള്‍ തമ്മില്‍ തർക്കം ഉണ്ടായത്. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ അടുപ്പക്കാരായ വി.കെ പാണ്ഡ്യനും പ്രണബ് പ്രകാശ് ദാസും ഡൽഹിയിൽ എത്തി ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിച്ചില്ല. തുടർന്നായിരുന്നു ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റ് പോലും നേടാൻ ബിജെഡിക്കായില്ല. ആകെയുള്ള 21 സീറ്റുകളിൽ 20ഉം ബിജെപി കൊണ്ടുപോയപ്പോൾ ഒരു സീറ്റ് കൊണ്ട് കോൺഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. ഒഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും ഒരുമിച്ചാണ് നടക്കാറുള്ളത്.