തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി; നവീൻ പട്നായിക്കിന്റെ സന്തതസഹചാരി വി.കെ പാണ്ഡ്യന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു
|ബിജെഡി പ്രവർത്തകരോട് ക്ഷമ ചോദിച്ചാണ് രാഷ്ട്രീയം അവസാനിപ്പിച്ചത്
ന്യൂഡല്‍ഹി: ഒഡിഷയിലെ തെരഞ്ഞെടുപ്പിലെ ബി.ജെ.ഡിയുടെ പരാജയത്തിന് പിന്നാലെ നവീൻ പട്നായിക്കിന്റെ സന്തതസഹചാരി വി.കെ പാണ്ഡ്യൻ രാഷ്ട്രീയം അവസാനിപ്പിച്ചു. മുൻ ഐ.എ.എസ് ഓഫീസർ ആയിരുന്ന പാണ്ഡ്യൻ ബിജെഡി പ്രവർത്തകരോട് ക്ഷമ ചോദിച്ചാണ് രാഷ്ട്രീയം അവസാനിപ്പിച്ചത്. നവീൻ പട്നായിക്കിന്റെ പിൻഗാമിയായി വി.കെ പാണ്ഡ്യനെ ഉയർത്തിക്കാട്ടിയിരുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് പാണ്ഡ്യൻ പ്രഖ്യാപിച്ചത്.
ഒഡിഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 147 സീറ്റിൽ ബി.ജെ.ഡിക്ക് 51 സീറ്റായിരുന്നു ലഭിച്ചത്. ബി.ജെ.പിക്ക് 78 സീറ്റും കോൺഗ്രസിന് 14 ഉം സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ ഒരു സീറ്റ് പോലും നേടാൻ ബി.ജെ.ഡിക്കായില്ല. ബി.ജെ.പി 20 സീറ്റിൽ വിജയിച്ചപ്പോൾ കോൺഗ്രസ് ഒരു സീറ്റും ലഭിച്ചിരുന്നു.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വി.കെ പാണ്ഡ്യനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.എന്നാൽ പാണ്ഡ്യനെ കുറ്റപ്പെടുത്തുന്നത് അനീതിയാണെന്ന് പറഞ്ഞ് ബി.ജെ.ഡി അധ്യക്ഷൻ കൂടിയായ നവീൻ പട്‌നായിക് രംഗത്തെത്തിയിരുന്നു. കൂടാതെ പാണ്ഡ്യൻത ന്റെ രാഷ്ട്രീയ പിൻഗാമിയല്ലെന്നും അതാരെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഒഡിഷയിൽ ബിജെഡി വൻ പരാജയം നേരിട്ടതോടെ നവീൻ പട്നായിക് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. രണ്ടര പതിറ്റാണ്ടു നീണ്ട ഭരണം അവസാനിപ്പിച്ചാണ് പട്നായിക് പടിയിറങ്ങിയത്. 2000 മാർച്ച് അഞ്ചിനാണ് ആദ്യമായി ഒഡീഷ മുഖ്യമന്ത്രിയായി നവീൻ പട്നായിക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പിന്നീട് ഇതുവരെ തിരിഞ്ഞുനോക്കേണ്ടിവന്നിരുന്നില്ല. എന്നാൽ ഇത്തവണ തിരിച്ചടിയേൽക്കുകയായിരുന്നു.