India
രാജി ഹൈക്കമാന്‍ഡ് തള്ളി; സിദ്ദു പിസിസി അധ്യക്ഷനായി തുടരും
India

രാജി ഹൈക്കമാന്‍ഡ് തള്ളി; സിദ്ദു പിസിസി അധ്യക്ഷനായി തുടരും

Web Desk
|
14 Oct 2021 3:28 PM GMT

ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് സിദ്ദു

പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. സിദ്ദുവിന്‍റെ രാജി കോണ്‍ഗ്രസ് ഹൈക്കമാൻഡ് തള്ളി. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് സിദ്ദു പ്രതികരിച്ചു.

പഞ്ചാബില്‍ മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത്. സിദ്ദു-അമരിന്ദര്‍ പോരിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ഉള്‍പ്പെടെ മാറ്റി പഞ്ചാബില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചത്. ചില മന്ത്രിമാരെ ഉള്‍പ്പെടുത്തിയതിനെ ചൊല്ലിയാണ് സിദ്ദു അതൃപ്തി വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയതിനു പിന്നാലെ അമരിന്ദര്‍ കോണ്‍ഗ്രസ് വിട്ടു. സിദ്ദുവും മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിയും സംസാരിച്ചെന്നും തര്‍ക്കങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി. എന്നാല്‍ എന്താണ് പരിഹാര ഫോര്‍മുലയെന്ന് റാവത്തോ സിദ്ദുവോ വെളിപ്പെടുത്തിയിട്ടില്ല.

"എന്‍റെ ആശങ്കകള്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി പ്രസിഡന്‍റും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെടുക്കുന്ന തീരുമാനങ്ങളില്‍ വിശ്വാസമുണ്ട്. അത് പഞ്ചാബിന് വേണ്ടിയാവും. അവരാണ് എന്‍റെ പരമോന്നത നേതാക്കള്‍. അവരുടെ തീരുമാനങ്ങള്‍ അംഗീകരിക്കും"- സിദ്ദു പറഞ്ഞു. ഹരീഷ് റാവത്തും കെ സി വേണുഗോപാലുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സിദ്ദുവിന്‍റെ പ്രതികരണം.

Similar Posts