ഹൈക്കമാന്റല്ല, പഞ്ചാബിലെ ജനങ്ങളാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്: നവ്‌ജോത് സിങ് സിദ്ദു
|ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതുവരെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല
ഹൈക്കമാന്റല്ല പഞ്ചാബിലെ ജനങ്ങളാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് എന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദു. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് ഹൈക്കമാന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് സുനിൽ ജാഗ്ഗർ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് സിദ്ദുവിന്റെ പ്രസ്താവന.
"ഹൈക്കമാന്റാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. പഞ്ചാബിലെ ജനങ്ങളാണ് അടുത്ത മുഖ്യമന്ത്രി ആരാവണെമെന്ന് തീരുമാനിക്കുന്നത്"- സിദ്ദു പറഞ്ഞു
ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതുവരെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ മുഖ്യമന്ത്രി ചരൺജീത് സിങ്ങ് ചന്നിക്ക് തന്നെയാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ.
പഞ്ചാബ് കോൺഗ്രസിലെ ചില നേതാക്കളും നവ്‌ജോത് സിങ് സിദ്ദുവുമായുള്ള പടലപ്പിണക്കങ്ങൾ അടുത്തിയിടെയായി മറനീക്കി പുറത്ത് വരുന്ന കാഴ്ച്ചയാണ് കാണുന്നത്. മയക്കു മരുന്ന് കേസിൽ കുറ്റാരോപിതനായ അകാലിദൾ നേതാവ് ബിക്രം സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതില്‍ ആഭ്യന്തര മന്ത്രിയെ സിദ്ദു വിമര്‍ശിച്ചിരുന്നു.
സിദ്ദുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പഞ്ചാബ് ആഭ്യന്തരമന്ത്രി സുഖ്ജീന്ദർ സിങ് രംഗത്ത് വന്നു. താൻ ആഭ്യന്തര മന്ത്രിയായത് മുതൽ സിദ്ദു അസ്വസ്ഥനാണെന്നും അദ്ദേഹം ആവശ്യപ്പെട്ടാൽ മന്ത്രി പദം അദ്ദേഹത്തിന്റെ കാൽക്കീഴിൽ വക്കാൻ തയ്യാറാണെന്നും സുഖ്ജീന്ദർ സിങ് പറഞ്ഞു.