India
നവാബ് മാലിക് രാജിവെക്കേണ്ടെന്ന തീരുമാനം; പവാറിന് തന്ത്രം പറഞ്ഞുകൊടുത്തത് മമത
India

നവാബ് മാലിക് രാജിവെക്കേണ്ടെന്ന തീരുമാനം; പവാറിന് തന്ത്രം പറഞ്ഞുകൊടുത്തത് മമത

Web Desk
|
23 Feb 2022 4:51 PM GMT

എൻസിപി മന്ത്രിയെ കേന്ദ്രഏജൻസിയായ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കേ സമാന സാഹചര്യം തരണം ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുമായി പാർട്ടി തലവൻ ശരത് പവാർ സംസാരിക്കുകയായിരുന്നു

മുംബൈ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉൾപ്പെട്ട കള്ളപ്പണ കേസിൽ അറസ്റ്റിലായ എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ നവാബ് മാലിക് രാജിവെക്കേണ്ടെന്ന തീരുമാനത്തിന് പിറകിൽ മമത ബാനർജി. എൻസിപി മന്ത്രിയെ കേന്ദ്രഏജൻസിയായ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കേ സമാന സാഹചര്യം തരണം ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുമായി പാർട്ടി തലവൻ ശരത് പവാർ സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം നാരാദ കേസിൽ മമതാ ബാനർജിയുടെ മന്ത്രിസഭാംഗങ്ങളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് പവാർ ചോദിച്ചതായാണ് വിവരം. കഴിഞ്ഞ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി നിരവധി തൃണമൂൽ നേതാക്കളെ കേന്ദ്രഏജൻസികൾ ലക്ഷ്യമിട്ടിരുന്നു. എന്നാൽ ആ സമയത്ത് മന്ത്രിമാരടക്കമുള്ളവരുടെ രാജിയാവശ്യം മമത നിരസിക്കുകയായിരുന്നു. ഇതോ പോലെ തന്നെ പ്രവർത്തിക്കാനാണ് പവാറിന് അവർ നൽകിയ ഉപദേശം. നവാബ് മാലികിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി ബിജെപിയുടെ കൈകളിലിട്ടുകൊടുക്കരുതെന്ന് അവർ പറഞ്ഞു. നവാബ് മാലിക്കിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച മമത പത്തുമിനുട്ടോളം നീണ്ട സംഭാഷണത്തിൽ എൻസിപിക്ക് പിന്തുണയും ഐക്യദാർഡ്യവും അറിയിച്ചു.

കേന്ദ്രഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നതായി കുറ്റപ്പെടുത്തിയ ഇരുനേതാക്കളും പ്രതിപക്ഷ ഐക്യത്തിനായി ആഹ്വാനം ചെയ്തു. ഈ സംഭാഷണശേഷമാണ് മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ടെന്ന് മഹാ വികാസ് അഘാഡി മുന്നണിയോഗം തീരുമാനിച്ചത്. ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളും ഒരേ നിലപാട് സ്വീകരിക്കുകയായിരുന്നു.

മന്ത്രിയുടെ അറസ്റ്റിനെതിരെ നാളെ മഹാരാഷ്ട്രാ സെക്രട്ടറിയേറ്റിന്റെ മുമ്പിൽ മഹാ വികാസ് അഘാഡി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രിമാരായ ബാലാസാഹബ് ത്രോട്ടും ഭുജ്ബാലും അറിയിച്ചു. ''കഴിഞ്ഞ 30 വർഷക്കാലത്ത് മുംബൈ സ്‌ഫോടനത്തിൽ നവാബ് മാലികിന്റെ പേര് ആരും പറഞ്ഞിരുന്നില്ല, എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാറിനെതിരെ സംസരിക്കാൻ തുടങ്ങി. അപ്പോൾ അദ്ദേഹത്തിന്റെ വായ അടപ്പിക്കേണ്ടി വന്നു. അതിനാൽ ഇന്ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഇത് ദൗർഭാഗ്യകരമാണ്. മഹാവികാസ് അഘാഡിയുടെ മേൽ സമ്മർദ്ദമുണ്ടാക്കാനുള്ള ശ്രമമാണ്. ഇതിനെ ഞങ്ങൾ അപലപിക്കുന്നു. ഇത് ജനാധിപത്യവിരുദ്ധമാണ്'' ഭുജ്ബാൽ പറഞ്ഞു.

അതേസസമയം, മാർച്ച് മൂന്നുവരെ മന്ത്രി നവാബ് മാലികിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വീട്ടിലെ ഭക്ഷണവും മരുന്നും അനുവദിക്കണമെന്ന നവാബ് മാലിക്കിന്റെ ഹർജി നാളെ പരിഗണിക്കും. ചോദ്യം ചെയ്യൽ അഭിഭാഷകന്റെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യം എതിർക്കില്ലെന്ന് ഇഡി അറിയിച്ചു.

Similar Posts