പോരാടി വിജയിക്കും, എല്ലാവരെയും തുറന്നുകാട്ടും: അറസ്റ്റിലായ മന്ത്രി നവാബ് മാലിക്
|മഹാരാഷ്ട്ര മന്ത്രിയും എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ ഇദ്ദേഹത്തെ ഇന്നു മൂന്നുമണിയോടെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്
പോരാടി വിജയിക്കുമെന്നും എല്ലാവരെയും തുറന്നുകാട്ടുമെന്നും (ലഡേങ്കെ..., ജീതേങ്കെ... സബ്‌കോ എക്‌സ്‌പോസ് കരേങ്കെ..) അറസ്റ്റിലായ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് വാഹനത്തിൽ ആരോഗ്യപരിശോധനക്കായി പോകവേയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ ഇദ്ദേഹത്തെ ഇന്നു മൂന്നുമണിയോടെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. മുംബൈ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉൾപ്പെട്ട കള്ളപ്പണ കേസിലാണ് ബിജെപിക്കും കേന്ദ്രസർക്കാറിനും എന്നു തലവേദനയാകുന്ന മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. നവാബ് മാലിക് നടത്തിയ വസ്തു ഇടപാടിലെ ചില രേഖകൾ ഈ അന്വേഷണത്തിൽ തെളിവുകളായി കണ്ടെത്തിയിരുന്നു.
लड़ेंगे, जीतेंगे और सबको एक्सपोस करेंगे! pic.twitter.com/Qn2n1SokJ3
— Nawab Malik نواب ملک नवाब मलिक (@nawabmalikncp) February 23, 2022
രാവിലെ ആറുമണിയോടെ നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ ഇ.ഡി സംഘം ഏഴുമണിയോടെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മുംബൈയിലെ ഇ.ഡി ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യൽ നടന്നത്. തുടർന്ന് മൂന്നു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് ഇതേ കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്‌കറിനെ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, നവാബ് മാലിക് മന്ത്രിസ്ഥാനം രാജി വെച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എൻസിപി തലവൻ ശരദ് പവാർ പാർട്ടിയുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഞ്ചുമണിക്ക് അടിയന്തര മന്ത്രിസഭാ യോഗവും വിളിച്ചിട്ടുണ്ട്.
'നവാബ് മാലിക്, കേന്ദ്രസർക്കാറിനും ബിജെപിക്കും തലവേദന'
ബിജെപിക്കും കേന്ദ്രസർക്കാറിനും തലവേദനയാകുന്ന തരത്തിൽ മഹാരാഷ്ട്രയിൽ ഇടപെടലുകൾ നടത്തുന്ന നേതാവാണ് നവാബ് മാലിക്. മഹാരാഷ്ട്രയിൽ അധികാരത്തിൽ തിരിച്ചെത്താമെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. മഹാ വികാസ് അഘാഡി സഖ്യം അഞ്ച് വർഷമല്ല, 25 വർഷത്തേക്കാണ്. ഫഡ്‌നാവിസിന്റെ പ്രവചനവും ചന്ദ്രകാന്ത് പാട്ടീലിന്റെ സ്വപ്നവും പോലെ നാരയൺ റാണയുടെ പ്രാർത്ഥനയും പരാജയപ്പെടുമെന്നും എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു. അടുത്ത വർഷം മാർച്ചോടെ മഹാരാഷ്ട്ര ഭരണം ബിജെപി പിടിക്കുമെന്ന് കേന്ദ്രമന്ത്രി നാരയൺ റാണയുടെ പ്രസ്താവനയോട് പ്രതികരിച്ചായിരുന്നു പ്രസ്താവന. ആദ്യം സർക്കാരിന്റെ തകർച്ച പ്രവചിക്കാനുള്ള ഉത്തരവാദിത്തം ദേവേന്ദ്ര ഫഡ്‌നാവിസിനായിരുന്നു. തുടർന്ന് ചന്ദ്രകാന്ത് പാട്ടീൽ ഉത്തരവാദിത്തം ഏറ്റെടുത്തു. അവരുടെ പ്രവചനങ്ങളൊന്നും സത്യമായില്ല. ഇപ്പോൾ നാരായൺ റാണയ്ക്കാണ് ആ ജോലിയന്നും നവാബ് മാലിക് പരിഹസിച്ചു. മഹാ വികാസ് അഘാഡി സഖ്യത്തിൽ വിള്ളലുണ്ടെന്ന വാർത്തകളും അദ്ദേഹം തള്ളി.
നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിലവിലെ സർക്കാരിനെ തകർക്കുമെന്നും കാര്യങ്ങൾ രഹസ്യമാണെന്നുമായിരുന്നു റാണ ജയ്പൂരിൽ പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരം പ്രവചനങ്ങൾ കേൾക്കുന്നുണ്ടെന്നായിരുന്നു നാരയൺ റാണയുടെ പ്രസ്താവനയോട് കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയുടെ പ്രതികരണം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ അടിക്കണമെന്ന് പരസ്യമായി പറഞ്ഞതിന് നാരയൺ റാണയെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചതെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിരിയുകയായിരുന്നു. ശിവസേനയും എൻസിപിയും കോൺഗ്രസും ഒരുമിച്ച സഖ്യം ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.
ആര്യൻ ഖാനെതിരായ കേസിന് പിന്നിൽ ബിജെപി നേതാവാണെന്ന് നവാബ് മാലിക് ആരോപിച്ചിരുന്നു. ആര്യനെ തട്ടിക്കൊണ്ടുപോകാനും മോചനദ്രവ്യം ആവശ്യപ്പെടാനുമായിരുന്നു പദ്ധതി. ബി.ജെ.പി നേതാവ് മോഹിത് കംബോജാണ് ഗൂഢാലോചനയുടെ സൂത്രധാരൻ. എൻസിബി മുംബൈ സോണൽ ഡയറക്ടറായിരുന്ന സമീർ വാങ്കഡെയുമായി ചേർന്ന് പണം തട്ടാനായിരുന്നു പദ്ധതിയെന്നും നവാബ് മാലിക് ആരോപിച്ചു. ആര്യൻ ഖാൻ മുംബൈ കപ്പലിൽ ടിക്കറ്റ് എടുത്തിരുന്നില്ല. പ്രതീക് ഗബ, ആമിർ ഫർണിച്ചർവാല എന്നിവരാണ് ആര്യനെ കപ്പലിലേക്ക് കൊണ്ടുവന്നത്. കേസിൽ തുടക്കം മുതൽ ഷാരൂഖിനെ ഭീഷണിപ്പെടുത്തുകയാണ്. സത്യം തുറന്നുപറയാൻ ഷാരൂഖ് തയ്യാറാകണമെന്നും നവാബ് മാലിക് ആവശ്യപ്പെട്ടു. ബോളിവുഡിലെ ലഹരിവേട്ട ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോളിവുഡിന്റെ കേന്ദ്രം മുംബൈയിൽ നിന്ന് മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും നവാബ് മാലിക് ആരോപിച്ചു. നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിനിമരംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കഡെ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്നുവെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു.
Nawab Malik, the arrested minister, said that he would fight and win and expose everyone