'നാസികള്‍ ജര്‍മനിയില്‍ ചെയ്തതും ഇതു തന്നെ'; കാവഡ് യാത്ര വിവാദ ഉത്തരവിനെതിരെ ആഞ്ഞടിച്ച് സമാജ്‍വാദി പാര്‍ട്ടി
|രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമാജ്‍വാദി പാര്‍ട്ടി ആരോപിച്ചു
ലഖ്നൗ: കാവഡ് യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാരിന്‍റെ വിവാദ ഉത്തരവിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമാജ്‍വാദി പാര്‍ട്ടി ആരോപിച്ചു.
ജർമനിയിൽ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ കീഴിലുള്ള നാസി ഭരണകാലത്താണ് ഇത്തരം സമ്പ്രദായങ്ങൾ നിലനിന്നിരുന്നതെന്ന് എസ്.പി എം.പി ഡോ.എസ്.ടി ഹസൻ പറഞ്ഞു. ''ഇതു തന്നെയാണ് നാസികള്‍ ജര്‍മനിയില്‍ ചെയ്തത്. മുസ്‍ലിംങ്ങളെ ബഹിഷ്കരിക്കാനും ഹിന്ദുക്കളുടെ കടകള്‍ സന്ദര്‍ശിക്കാനുമുള്ള സന്ദേശമാണ് ഈ ഉത്തരവിലൂടെ നല്‍കുന്നത്. ഈ വർഗീയ ചിന്ത എത്രനാൾ നിലനിൽക്കും? ഇത്തരത്തിലുള്ള ഉത്തരവുകൾ റദ്ദാക്കണം," ഹസൻ പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷത്തിലെ നിരവധി നേതാക്കൾ യു.പി സർക്കാരിനോട് ആവശ്യപ്പെട്ടു.
ജൂലൈ 22ന് ആരംഭിക്കുന്ന കാവഡ് യാത്രക്ക് മുന്നോടിയായി മുസാഫർനഗർ ജില്ലയിലെ മുസ്‍ലിം വ്യാപാരികൾ ഉൾപ്പടെയുള്ള കടയുടമകളും ധാബകളും പഴ വിൽപനക്കാരും ചായക്കടകളും സ്ഥാപനങ്ങൾക്ക് മുന്നിൽ ഉടമസ്ഥരുടെയോ ജീവനക്കാരുടെയോ പേരുകളടങ്ങിയ ബോർഡുകൾ സ്ഥാപിക്കണമെന്നായിരുന്നു യു.പി പൊലീസിന്‍റെ നിർദേശം. തീർഥാടകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകാതിരിക്കാനും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ളൊരു നടപടിയെന്നാണ് പൊലീസിന്‍റെ നിര്‍ദേശം.
ഉത്തരവ് വ്യാപക വിമര്‍ശത്തിനാണ് ഇടയാക്കിയത്. സാമൂഹിക കുറ്റകൃത്യമാണെന്നായിരുന്നു എസ്.പി നേതാവ് അഖിലേഷ് യാദവിന്‍റെ പ്രതികരണം. സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഇത്തരം ഉത്തരവുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും പറഞ്ഞത്.
ഇതിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. കാവഡ് യാത്രാ റൂട്ടിലെ എല്ലാം ഭക്ഷണശാലകളുടെയും ഉടമകളോട് സ്വന്തം പേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ യോഗി ആവശ്യപ്പെട്ടു. കാവഡ് തീര്‍ഥാടകരുടെ പവിത്രത സംരക്ഷിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. '' എല്ലാ ഭക്ഷണശാലകളും, അത് ഒരു റെസ്റ്റോറൻ്റായാലും, റോഡരികിലെ ധാബയായാലും, അല്ലെങ്കിൽ ഭക്ഷണ വണ്ടിയായാലും, ഉടമയുടെ പേര് പ്രദർശിപ്പിക്കേണ്ടതുണ്ട്'' യോഗി കൂട്ടിച്ചേര്‍ത്തു.