'എൻസി-കോൺഗ്രസ് സഖ്യം ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉറപ്പാക്കും': അമിത് ഷാക്ക് മറുപടിയുമായി ഫാറൂഖ് അബ്ദുള്ള
|ബിജെപി പ്രചരിപ്പിക്കുന്ന ഇന്ത്യ എന്ന ആശയത്തെ എതിർക്കുമെന്നും ഫാറൂഖ് അബ്ദുള്ള
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി നാഷണല്‍ കോണ്‍ഫറന്‍സ്(എന്‍സി)നേതാവ് ഫാറൂഖ് അബ്ദുള്ള.
തൻ്റെ പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യം അധികാരത്തിലെത്തിയാൽ ജമ്മുകശ്മീരിന് സംസ്ഥാന പദവി എന്ന വാഗ്ദാനം നിറവേറ്റുമെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
നരേന്ദ്രമോദിക്ക് കീഴിലുള്ള കേന്ദ്രസര്‍ക്കാറിന് മാത്രമെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനാകൂ എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് കോണ്‍ഗ്രസിനും നാഷണല്‍ കോണ്‍ഫറന്‍സിനുമെതിരെ അമിത് ഷാ വിമര്‍ശനം ഉന്നയിച്ചത്.
“ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. നിങ്ങള്‍ക്കെങ്ങനെ അതിന് കഴിയുമെന്നാണ് രാഹുൽ ഗാന്ധിയോടും ഫാറൂഖ് അബ്ദുള്ളയോടും എനിക്ക് ചോദിക്കാനുള്ളത്''- ഇങ്ങനെയായിരുന്നു അമിത് ഷായുടെ പ്രസ്താവന.
അതേസമയം ബിജെപി പ്രചരിപ്പിക്കുന്ന ഇന്ത്യ എന്ന ആശയത്തെ എതിർക്കുമെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
'' ഇന്ത്യ എല്ലാവരുടേതുമാണ്. ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും മറ്റു എല്ലാ വിഭാഗങ്ങളും ഉള്ളവര്‍. മുസ്ലിംകളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവർ മുസ്ലിംകളും സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചിട്ടുണ്ടെന്ന് അറിയണമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
''നാഷണൽ കോൺഫറൻസും കോൺഗ്രസും അധികാരത്തിൽ വന്നാൽ ഭീകരവാദം പെരുകുമെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ തീവ്രവാദം അവസാനിപ്പിക്കാൻ അവർക്ക് കഴിഞ്ഞോ എന്നും ഫാറൂഖ് അബ്ദുള്ള ചോദിച്ചു.
ജമ്മു കശ്മീരില്‍ സെപ്റ്റംബർ 18, 25 ഒക്ടോബർ ഒന്ന് തിയതികളില്‍ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണല്‍.