ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ ബിജെപി നേതാവിന്റെ ബന്ധുവും പിടിയിലായി, തൊട്ടുപിന്നാലെ മോചനം; വീഡിയോ പുറത്തുവിട്ട് മഹാരാഷ്ട്ര മന്ത്രി
|ബിജെപിയുടെ യുവജനസംഘടനയായ യുവമോര്‍ച്ചയുടെ മുംബൈ മുന്‍ പ്രസിഡന്റ് മോഹിത് കാംബോജിന്റെ ഭാര്യസഹോദരന് റിഷഭ് സച്ച്ദേവിനെയും എന്‍സിബി ആഡംബരക്കപ്പലില്‍ നിന്നും പിടികൂടിയിരുന്നു
ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ പിടികൂടിയവരില്‍ ബിജെപി നേതാവിന്റെ അടുത്ത ബന്ധുവുമുണ്ടായിരുന്നതായി എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. പിന്നീട് ഇയാളെ എന്‍സിബി വിട്ടയച്ചുവെന്നും മാലിക് ആരോപിച്ചു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
ബിജെപിയുടെ യുവജനസംഘടനയായ യുവമോര്‍ച്ചയുടെ മുംബൈ മുന്‍ പ്രസിഡന്റ് മോഹിത് കാംബോജിന്റെ ഭാര്യസഹോദരന് റിഷഭ് സച്ച്ദേവിനെയും എന്‍സിബി ആഡംബരക്കപ്പലില്‍ നിന്നും പിടികൂടിയിരുന്നു. ഇതിന് പിന്നാലെ റിഷഭിനെയും പ്രതീക് ഗാബ, അമീര്‍ ഫര്‍ണിച്ചര്‍വാല എന്നിവരെ വെറുതെ വിട്ടുവെന്നും നവാബ് മാലിക് പറഞ്ഞു. ഇവര്‍ പുറത്തുവരുന്നതിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
വിട്ടയച്ച മൂന്ന് പേരേയും എന്‍സിബി ഓഫീസിലെത്തിച്ചതിന്റെ വീഡിയോ ദൃശ്യമാണ് അദ്ദേഹം പുറത്തുവിട്ടത്. റെയ്ഡിന് ശേഷം എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പിടികൂടിയ ആളുകളെ സംബന്ധിച്ച് അവ്യക്തമായ പ്രസ്താവനയാണ് നടത്തിയത്. എട്ട് മുതല്‍ 10 വരെ ആളുകളെ പിടികൂടിയെന്നാണ് പറഞ്ഞത്. എന്നാല്‍ 11 ആളുകളെയാണ് പിടികൂടിയത്.
11 ആളുകളെയാണ് പിടികൂടിയതെന്ന് പൊലീസ് വിവരം നല്‍കിയിട്ടുണ്ട്. എന്നാല്‍ നേരം പുലര്‍ന്നപ്പോള്‍ പിടികൂടിയവരുടെ എണ്ണം എട്ടായി മാറി. ആരുടെ നിര്‍ദേശ പ്രകാരമാണ് മൂന്ന് പേരെ വിട്ടയച്ചതെന്ന് നവാബ് മാലിക് ചോദിച്ചു. സമീര്‍ വാങ്കഡെയും ബിജെപി നേതാക്കളും ചില സംഭാഷണങ്ങള്‍ നടന്നതായാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Rishabh Sachdeva and Pratik Gaba can be seen exiting from the NCB office after detention. pic.twitter.com/1KTS3QykPs
— Nawab Malik نواب ملک नवाब मलिक (@nawabmalikncp) October 9, 2021