മുഗൾചരിത്രം വെട്ടി എൻ.സി.ഇ.ആർ.ടി; പാഠ്യപദ്ധതിയിൽ വൻ മാറ്റങ്ങൾ
|പതിനൊന്നാം ക്ലാസിൽ 'സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്‌സ്', 'കോൺഫ്രന്റേഷൻ ഓഫ് കൽചേഴ്‌സ്', 'ദ ഇൻഡസ്ട്രിയൽ റെവല്യൂഷൻ' എന്നീ പാഠങ്ങളും നീക്കം ചെയ്തിട്ടുണ്ട്
ന്യൂഡൽഹി: മുഗൾചരിത്രം പാഠപുസ്തകത്തിൽനിന്ന് നീക്കം ചെയ്ത് നാഷനൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച്ച്(എൻ.സി.ഇ.ആർ.ടി). 12-ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽനിന്നാണ് മുഗൾ ഭരണത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗം ഒഴിവാക്കിയിരിക്കുന്നതെന്ന് 'എക്ണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 2023-24 അധ്യയന വർഷത്തേക്കുള്ള പരിഷ്‌ക്കരിച്ച പാഠ്യപദ്ധതിയാണ് ഇപ്പോൾ പുറത്തിറക്കിയത്.
12-ാം ക്ലാസുകാർക്ക് ചരിത്രത്തിൽ പഠിക്കാനുണ്ടായിരുന്ന 'തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി-ഭാഗം രണ്ടി'ലാണ് മാറ്റംവരുത്തിയിരിക്കുന്നത്. 'കിങ്‌സ് ആൻഡ് ക്രോണിക്കിൾസ്: ദ മുഗൾ കോർട്ട്‌സ്' എന്ന തലക്കെട്ടിലുള്ള പാഠഭാഗമാണ് നീക്കംചെയ്തത്. 12-ാം ക്ലാസിലെ തന്നെ 'സിവിക്‌സ്' പാഠപുസ്തകത്തിലും മാറ്റമുണ്ട്.
'യു.എസ് ഹെജിമണി ഇൻ വേൾഡ് പൊൡറ്റിക്‌സ്', 'ദി കോൾഡ് വാർ ഇറാ' എന്നീ പാഠങ്ങളാണ് നീക്കം ചെയ്തത്. 'പൊളിറ്റിക്‌സ് ഇൻ ഇന്ത്യ സിൻസ് ഇൻഡിപെൻഡെൻസ്' പാഠപുസ്തകത്തിലെ 'റൈസ് ഓഫ് പോപുലർ മൂവ്‌മെന്റ്‌സ്', 'ഇറാ ഓഫ് വൺ-പാർട്ടി ഡോമിനൻസ്' എന്നീ പാഠങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദി പാഠപുസ്തകത്തിലെ ഏതാനും കവിതകളും പാഠഭാഗങ്ങളും നീക്കം ചെയ്ത കൂട്ടത്തിലുണ്ട്.
പത്ത്, പതിനൊന്ന് ക്ലാസുകളിലെ പാഠ്യപദ്ധതിയും പരിഷ്‌ക്കരിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ 'ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്', 'ഡെമോക്രസി ആൻഡ് ഡൈവേഴ്‌സിറ്റി', 'പോപ്പുലർ സ്ട്രഗിൾസ് ആൻഡ് മൂവ്‌മെന്റ്', 'ചാലഞ്ചസ് ടു ഡെമോക്രസി' തുടങ്ങിയ പാഠങ്ങളാണ് ഒഴിവാക്കിയത്. പതിനൊന്നാം ക്ലാസിൽ 'തീംസ് ഇൻ വേൾഡ് ഹിസ്റ്ററി' പാഠപുസ്തകത്തിലെ 'സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്‌സ്', 'കോൺഫ്രന്റേഷൻ ഓഫ് കൽചേഴ്‌സ്', 'ദ ഇൻഡസ്ട്രിയൽ റെവല്യൂഷൻ' എന്നീ പാഠങ്ങളും നീക്കം ചെയ്തു.
Summary: NCERT removes chapters on 'Mughal Empire' from Class 12 History book